മൈസൂരു: പൂച്ചയെ ദൈവമായി കണ്ട് ആരാധിക്കുന്ന ഒരു ഗ്രാമമുണ്ട്, അങ്ങ് കർണാടകയിൽ. മൈസൂരുവിൽനിന്ന് 90 കിലോമീറ്റർ അകലെ മാണ്ഡ്യയിലെ മദ്ദൂർ താലൂക്കിലുള്ള ബെക്കലലെയിലാണ് ഈ വിചിത്രആരാധാനാരീതികളുള്ളത്. മാണ്ഡ്യതുമകുരു ജില്ലകളുടെ അതിർത്തിയിലാണ് ഈ ഗ്രാമം. ഇവിടെ പൂച്ചകളെ ആരാധിക്കാൻ പ്രത്യേക ക്ഷേത്രവുമുണ്ട്. മഹാലക്ഷ്മിയുടെപ്രതിരൂപമെന്നനിലയിലാണ് ഗ്രാമവാസികൾ പൂച്ചകളെ ആരാധിക്കുന്നത്. ലക്ഷ്മീദേവി ഗ്രാമത്തിലേക്ക് പൂച്ചയുടെ രൂപത്തിൽ വന്നെന്നും ആപത്തുകളിൽനിന്ന് രക്ഷിച്ചുവെന്നുമാണ് ഗ്രാമവാസികളുടെ വിശ്വാസം. ഇതിനുള്ള നന്ദിസൂചകമായാണ് പൂച്ചകളെ ആരാധിക്കൽ ആരംഭിച്ചത്. 1000 വർഷങ്ങൾക്കു മുമ്പുതൊട്ടേ ഈ ആരാധന തുടങ്ങിയതായാണ് വിവരം. അടുത്തടുത്തായി നിർമിച്ചിരിക്കുന്ന മൂന്നുക്ഷേത്രങ്ങൾ കൂടിച്ചേർന്നതാണ് പൂച്ചകൾ ആരാധിക്കപ്പെടുന്ന മങ്കമ്മാ ക്ഷേത്രം. ഗ്രാമത്തിലെ മൂന്നു കുടുംബക്കാരാണ് ക്ഷേത്രങ്ങൾ പണികഴിപ്പിച്ചത്. പൂച്ചയുടെ വിഗ്രഹമാണ് പ്രതിഷ്ഠ. 60 വർഷങ്ങൾക്കുമുമ്പാണ് ഇന്നത്തെനിലയിൽ ക്ഷേത്രം പുതുക്കിപ്പണിതത്. എല്ലാ ചൊവ്വാഴ്ചയുമാണ് ഇവിടെ പൂജ. എണ്ണൂറോളം കുടുംബങ്ങളുള്ള ഗ്രാമത്തിലെ ഭൂരിഭാഗം വീടുകളിലും ഒന്നോ അതിലധികമോ പൂച്ചകളുണ്ടാകും. വീടുകളിലും പൂച്ചകളെ പൂജിക്കും. ഗ്രാമത്തിലെ ആരുംതന്നെ പൂച്ചകളെ ഉപദ്രവിക്കാറില്ല. അഥവാ അങ്ങനെ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷകളേറ്റു വാങ്ങേണ്ടിയുംവരും.