ബംഗളൂരു: സംസ്‌കൃതഭാഷ കേൾക്കാനും പറയാനുമൊക്കെ ഒരുതരംകൗതുകവും സുഖവുമൊക്കെ ഇല്ലേ. അപ്പോൾ ഒരു ഗ്രാമം മുഴുവൻ സംസ്‌കൃതത്തിൽ കുശലാന്വേഷണങ്ങൾ നടത്തുന്നത് കേൾക്കുമ്പോഴോ? കർണാടകയിലെ മത്തൂർ എന്ന ഗ്രാമത്തിലാണ് ആളുകൾ സംസാരഭാഷയായി സംസ്‌കൃതം ഉപയോഗിക്കുന്നത്.
കർണാടകയിലെ തുംഗഭദ്ര നദിക്കരയിലാണ് മത്തൂർ. സംസ്‌കൃതമാണ് ഇവിടത്തെ നാട്ടുഭാഷ. മത്തൂറിൽമാത്രമല്ല, സമീപമുള്ള ഹൊസഹള്ളിയിലെ ബ്രാഹ്മണ സമുദായത്തിലെ ആളുകളും സംസ്‌കൃത ഭാഷയാണ് പരസ്പരം സംസാരിക്കാൻ ഉപയോഗിക്കുന്നത്.
ഏകദേശം 600 വർഷങ്ങൾക്ക് മുമ്പ് തമിഴ്‌നാട്ടിലെ പുതുകോട്ടയിൽ നിന്ന് കുടിയേറിപ്പാർത്ത സംസ്‌കൃതം സംസാരിക്കുന്ന തമിഴ് ബ്രാഹ്മണരാണ് മത്തൂരിലുള്ളത്. തമിഴ്‌നാട്ടിലെ അഗ്രഹാരങ്ങൾ പോലെ തന്നെയാണ് മത്തൂരിലെ ഇവരുടെ വീടുകളും. ഷിമോഗയിൽ നിന്ന് ഏകദേശം എട്ടു കി.മീ അകലെയാണ് മത്തൂർ സ്ഥിതി ചെയ്യുന്നത്.
കർണാടകയിലെ ഉന്നത പദവി വഹിക്കുന്നവർ വരെ ഈ സമുദായത്തിൽ നിന്നുണ്ട്. സംസാരഭാഷയ്ക്കുമാത്രമല്ല, പ്രകൃതിഭംഗിക്കും പേരുകേട്ട സ്ഥലമാണ് മത്തൂർ.