atm-robbery

തൃപ്പൂണിത്തുറ: എറണാകുളത്തും തൃശ്ശൂരിലും എ.ടി.എമ്മുകൾ കുത്തിത്തുറന്ന് 35 ലക്ഷം രൂപ കവർന്ന കേസിൽ അന്വേഷണം നിർണായക വഴിത്തിരിവിൽ. കവർച്ചയ്ക്ക് പിന്നിൽ ചരക്ക് ലോറിയുമായി കേരളത്തിലേത്തുന്ന ഉത്തരേന്ത്യൻ ഡ്രൈവർമാരെന്ന കണ്ടെത്തലാണ് അന്വേഷണത്തിന്റെ തന്നെ ഗതിമാറ്റിയിരിക്കുന്നത്.

സംഭവത്തിന് ശേഷം പൊലീസ് നടത്തിയ തെരച്ചിലിൽ മോഷ്ടാക്കൾ ഡൽഹി ഹരിയാന അതിർത്തി ഗ്രാമവാസികളാണെന്ന് കണ്ടെത്തിയിരുന്നു. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ കാക്കനാട് ആർ.ടി.ഒയുടെ സഹകരണത്തോടെ ചാലക്കുടി കൊരട്ടി ദേശീയപാതയിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ നിന്നും പൊലീസ് ദൃശ്യങ്ങൾ ശേഖരിച്ചു. ഈ ദൃശ്യങ്ങളിൽ നിന്നാണ് പ്രതികൾ ചരക്ക് ലോറി ഡ്രൈവർന്മാരാണെന്ന് സ്ഥിരീകരിച്ചത്.

ഉത്തേരേന്ത്യയിൽ നിന്നാണ് ഇവർ ചരക്കുലോറിയുമായി സംസ്ഥാനത്ത് എത്തിയിരുന്നത്. കവർച്ചയ്ക്ക് ശേഷം ചരക്ക് ലോറിയിൽ തന്നെയാണ് ഇവർ മടങ്ങിയിട്ടുള്ളത്. രാജസ്ഥാനിലേക്ക് കടന്നതായാണ് ലോറി ഏജൻസികൾ പൊലീസിന് നൽകിയ വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ രാജാസ്ഥാനിലും ഡൽഹിയിലും കൊച്ചി പൊലീസ് തമ്പടിച്ച് അന്വേഷണം നടത്തിവരികയാണ്. ആലപ്പുഴയിൽ നിന്ന് ധൻബാദിലേക്ക് പോയ എക്സ്പ്രസിലാണ് കവർച്ചസംഘം രക്ഷപ്പെട്ടതെന്ന നിഗമനത്തിൽ എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും പൊലീസ് സന്ദേശം കൈമാറിയിരുന്നു.

അതേസമയം, ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എം തകർക്കുന്നതിൽ വിദഗ്ധനാണ് കൊച്ചിയിലും തൃശൂരിലും കവർച്ചാ സംഘത്തിലുണ്ടായത്. ഇയാൾ വിമാനമാർഗമാണ് കൊച്ചിയിലെത്തിയതെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഒക്ടോബർ 12ന് പുലർച്ചെയാണു മണിക്കൂറുകളുടെ വ്യത്യാസത്തിൽ തൃപ്പൂണിത്തുറ ഇരുമ്പനത്തും ചാലക്കുടി കൊരട്ടിയിലും കവർച്ച നടന്നത്. ഇരുമ്പനത്ത് എത്തുംമുമ്പ് കോട്ടയത്തു രണ്ട് എ.ടി.എമ്മുകളിൽ കവർച്ചശ്രമവും നടത്തി. ഇരുമ്പനത്തെ എസ്.ബി.ഐ എടി.എം തകർത്ത് 25 ലക്ഷയും തൃശൂർ കൊരട്ടിയിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എം തകർത്ത് പത്തു ലക്ഷം രൂപയുമാണ് കവർന്നത്.