നെയ്യാറ്റിൻകര: കാളിപ്പാറ കുടിവെള്ള പദ്ധതിയുടെ തൊഴുക്കലിലെ വാട്ടർടാങ്ക് നിറഞ്ഞ് കവിയുന്നത് പതിവായി. വാട്ടർ അതോറിട്ടിയുടെ അനാസ്ഥയാണ് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴാകുന്നതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. കുടിവെള്ളം വളരെ വിലപ്പെട്ടതാണെന്നും അത് പാഴാക്കരുതെന്നും നാഴികയ്ക്ക് നാല്പതുവട്ടം വിളംബരംപോലെ പറയുന്ന വാട്ടർഅതോറിട്ടിക്ക് ഇതൊന്നും ബാധകമല്ലെന്ന മട്ടിലാണ് കാര്യങ്ങൾ.
വാട്ടർ അതോറിട്ടി എക്സിക്യൂട്ടിവ് എൻജിനിയർക്കുൾപ്പെടെ അധികൃതർക്കെല്ലാം റസിഡന്റ്സ് അസോസിയേഷൻ നിരവധി പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തൊഴുക്കൽ ചെമ്പരത്തിവിള റോഡിലൂടെ വെള്ളം ഒഴുകി റോഡ് സഞ്ചാരയോഗ്യമല്ലാതായി. പരാതിയെത്തുടർന്ന് എം.എൽ.എ ഫണ്ട് വിനിയോഗിച്ച് 150 മീറ്റർ ഇന്റർലോക്ക് പാകിയെങ്കിലും വീണ്ടും വെള്ളം കുത്തി ഒഴുകി റോഡ് തകർന്നു. തൊഴുക്കലിന് പിന്നാലെ ആലുംമൂട്ടിലും പൈപ്പ് പൊട്ടിയൊഴുകുകയാണ്. ടി.ബി ജംഗ്ഷനിൽ മുസ്ലിം പള്ളിക്ക് സമീപവും പൊട്ടി.