അടിമാലി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പൂജാരി അറസ്റ്റിൽ. ചേർത്തല പാണാവള്ളി കണ്ടത്തിൽ രതീഷിനെയാണ് (ഹരി 32) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതനായ ഇയാൾ മുനിയറ ക്ഷേത്രത്തിൽ പൂജാരിയായിരിക്കെ യുവതിയുമായി അടുപ്പത്തിലാകുകയായിരുന്നു. വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചതിനെ തുടർന്ന് ഒരു കുട്ടി ജനിച്ചതോടെ ഇയാൾ മുങ്ങുകയായിരുന്നു.
പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചതോടെ ഇയാൾ തിരികെയെത്തി അനുനയിപ്പിച്ച് വീണ്ടും കൂടെ താമസിപ്പിച്ചു. രണ്ടാമത്തെ കുട്ടി ജനിച്ചതോടെ വീണ്ടും ഇയാൾ അപ്രത്യക്ഷനായി. തുടർന്ന് ഉപ്പുതറയിലെത്തി ക്ഷേജ്രോലിക്കിടെ മറ്റൊരു പെൺകുട്ടിയെ വശീകരിച്ചു. ഇതിനിടെ ജോലിയുമായി ബന്ധപ്പെട്ട് കോട്ടയത്തേക്ക് താമസം മാറ്റുകയും അവിടെ മറ്റൊരു യുവതിയെ വിവാഹം വാഗ്ദാനം നൽകി രതീഷ് കൂടെ താമസിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
കോട്ടയത്തെ ലോഡ്ജിൽ നിന്നാണ് ഇയാളെ സി.ഐ പി.കെ. സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അടിമാലി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.