ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ പഞ്ചായത്തിൽ വന്ധ്യംകരണം നടത്തിയ നായ്ക്കൾ ചത്തു. പഞ്ചായത്തിലെ വണ്ടയ്ക്കൽ ഭാഗത്തുനിന്നും പിടികൂടിയ നായ്ക്കൾക്കാണ് ഈ ദുർഗതി. വന്ധ്യംകരണത്തിനായി കൊണ്ടുപോയ നായ്ക്കളെ രണ്ടാഴ്ച കഴിഞ്ഞ് ഗുരുതരമായ മുറിവോടുകൂടി തിരികെ കൊണ്ട് ഇറക്കി വിടുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഇവ മൂന്ന് ദിവസത്തോളം പേപിടിച്ച പട്ടികളെപ്പോലെ ഓടി നടക്കുകയും നാട്ടുകാരിൽ പരിഭ്രാന്തി ഉണ്ടാക്കുകയും ചെയ്തിരുന്നു. ഉഴമലയ്ക്കൽ പഞ്ചായത്തിൽ നായ്ക്കളുടെ വന്ധ്യംകരണത്തിൽ ഗുരുതരമായ പിഴവുണ്ടെന്നും ഇതിനെതിരേ ശക്തമായ നടപടിവേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.