മോഹൻലാൽ -രഞ്ജിത്ത് കൂട്ടുകെട്ട് എന്നും പ്രേക്ഷകനെ വിസ്‌മയിപ്പിച്ചിട്ടേയുള്ളു. പെരുവണ്ണാപുരത്തെ വിശേഷങ്ങളിൽ തുടങ്ങി ഒടുവിൽ പുറത്തിറങ്ങിയ ലോഹത്തിൽ വരെ ആ കെമിസ്‌ട്രി വ്യക്തമാണ്. അതേ പ്രതീക്ഷയിൽ തന്നെയാണ് ഉടൻ റിലീസിനൊരുങ്ങുന്ന 'ഡ്രാമ'യ്‌ക്കായും ആരാധകർ കാത്തിരിക്കുന്നത്. എന്നാൽ പലപ്പോഴും ചിത്രീകരണത്തിനിടയിൽ തനിക്കും ലാലിനും പരസ്‌പരം പിണങ്ങേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് രഞ്ജിത്ത്.
'ഞങ്ങൾ ഇരുവരും വളരെ സെൻസിറ്റീവ് ആണ്. അക്കാരണം കൊണ്ട് തന്നെ ഇടയ്‌ക്കിടെ പിണങ്ങുകയും അതുപോലെ തന്നെ ഇണങ്ങുകയും ചെയ്യാറുണ്ട്. ഡ്രാമയുടെ ലണ്ടൻ ലൊക്കേഷനിൽ കൂടി ഇത്തരത്തിൽ ചെറിയ പിണക്കങ്ങൾ ഉണ്ടായിരുന്നു' -രഞ്ജിത്ത് പറഞ്ഞു. മോഹൻലാലിനോ മമ്മൂട്ടിക്കോ വെല്ലുവിളി ഉയർത്തുന്ന തരത്തിൽ കഥാപാത്രങ്ങൾ ഒരുക്കാൻ ഇനിയും മലയാള സിനിമയ്‌ക്ക് സാധിച്ചിട്ടില്ല എന്നാണ് രഞ്ജിത്തിന്റെ അഭിപ്രായം. 'ഇവിടെയുള്ള സംവിധായകരും എഴുത്തുകാരും ശ്രമിച്ചാൽ മോഹൻലാലിനും മമ്മൂട്ടിയ്ക്കും ഇതിലും വലിയ അത്ഭുതങ്ങൾ സൃഷ്‌ടിക്കാൻ സാധിക്കും, അവർക്ക് മാത്രമല്ല അവർക്ക് ശേഷം വന്ന നടന്മാർക്കും സാധിക്കും -രഞ്ജിത്ത് അഭിപ്രായപ്പെട്ടു.
ഹാസ്യത്തിന് പ്രാധന്യം നൽകി ഒരുക്കുന്ന ഡ്രാമ നവംബർ ഒന്നിനാണ് റിലീസിനെത്തുന്നത്. രഞ്ജിത്ത് തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ബൈജു, അരുന്ധതി നാഗ്, ആശാ ശരത്, നിരഞ്ജ് മണിയൻപിള്ള രാജു തുടങ്ങിയവർ അഭിനയിക്കുന്നു.