മഹാനായ സി. കേശവൻ കേരളത്തിന്റെ അഭിമാനമായിരുന്ന മുഖ്യമന്ത്രിയായിരുന്നു. ശബരിമല സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ അദ്ദേഹത്തിനെതിരെ ബി.ജെ.പി അദ്ധ്യക്ഷൻ നടത്തിയ പരാമർശമാണ് ഈ കത്തിന് പ്രേരണയായത്. സി. കേശവന്റെ ഭരണകാലത്ത് ശബരിമല ക്ഷേത്രത്തിന് ആരോ തീവച്ച സംഭവമാണ് ശ്രീധരൻ പിള്ളയുടെ പരാമർശത്തിന് ആധാരം. പ്രതിഷ്‌ഠ കത്തിച്ചത് മുസ്ളിമെന്നും ക്രിസ്‌ത്യാനിയെന്നും പറഞ്ഞായിരുന്നു അന്ന് ഹിന്ദുക്കൾ ലഹളയ്‌ക്കൊരുങ്ങിയത്. എന്നാൽ ഒരു വർഗീയ ലഹളയ്‌ക്കുള്ള എല്ലാ പഴുതുകളും അടച്ചത് സി. കേശവന്റെ അതിസമർത്ഥമായ ഇടപെടലായിരുന്നു. അദ്ദേഹം സംഭവത്തിന്റെ ഉത്‌ഭവസ്‌ഥാനം കണ്ടുപിടിച്ച് ഒരു ലഹളയ്‌ക്കുള്ള സാദ്ധ്യതകൾ ഉന്മൂലനം ചെയ്‌തു. ഇല്ലെങ്കിൽ കേരള ചരിത്രത്തിൽ തീരാകളങ്കവും രക്തപങ്കിലവുമായ കുറെ നാളുകൾ എഴുതിച്ചേർക്കപ്പെടുമായിരുന്നു. ആ വിഷയം കൈകാര്യം ചെയ്‌ത സി. കേശവന്റെ കുടുംബത്തിന് എന്ത് പറ്റി എന്ന് ആലോചിക്കണമെന്നാണ് ശ്രീധരൻപിള്ള പറയുന്നത്. ആ കുടുംബത്തിന് ഒന്നും പറ്റിയിട്ടില്ല. ഇന്നും അഭിമാനത്തോടെ അത് തലയുയർത്തി നിൽക്കുന്നുണ്ട്. ശ്രീധരൻ പിള്ളയ്‌ക്ക് അത് അറിയില്ലായിരിക്കും.
കെ.ബി. രാധാദേവി
നീറമൺകര , ശങ്കർ നഗർ
തിരുവനന്തപുരം