1. സാലറി ചലഞ്ചിൽ സുപ്രീംകോടതി വിധി തിരിച്ചടി എന്ന് ധനമന്ത്രി തോമസ് ഐസക്ക്. സമ്മതപത്രം നൽകിയവരിൽ നിന്ന് മാത്രമേ ഈ മാസം പണം ഈടാക്കൂ. മഹാഭൂരിപക്ഷം ജീവനക്കാരും സമ്മതപത്രം നൽകിയിട്ടുണ്ട്. കോടതി വിധിയുടെ വിശദാംശങ്ങൾ അറിഞ്ഞതിന് ശേഷം തുടർ നടപടി സ്വീകരിക്കും എന്നും വിധി അനുസരിച്ച് ഉത്തരവ് സർക്കാർ ഭേദഗതി ചെയ്യും എന്നും തോമസ് ഐസക്ക്.
2. അതേസമയം, വിധി സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടി എന്ന് പ്രതിപക്ഷ നേതാവ്. വിസമ്മത പത്രം സർക്കാർ തിരികെ നൽകണം. കോടതി ചിലവ് മുഖ്യനിൽ നിന്ന് ഈടാക്കണം എന്നും ധനമന്ത്രി മാപ്പു പറയണം എന്നും രമേശ് ചെന്നിത്തല. സാലറി ചലഞ്ചിന് എതിരെയുള്ള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയത്, ശമ്പളം നൽകാൻ താല്പര്യം ഇല്ലാത്തവർ വിസമ്മത പത്രം നൽകണം എന്ന് പറയുന്നത് ശരിയല്ല എന്ന പരാമർശത്തോടെ.
3. ഹർജി പരിഗണിച്ച കോടതി സർക്കാരിന് എതിരെ നടത്തിയത് രൂക്ഷ വിമർശനങ്ങൾ. വിസമ്മത പത്രം നൽകി സ്വയം അപമാനിതർ ആകുന്നത് എന്തിന് എന്ന് ചോദ്യം. പണം ദുരിതാശ്വാസത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പില്ല. പണം ശരിയായി വിനിയോഗിക്കും എന്ന വിശ്വാസം ജനങ്ങളിൽ ഉണ്ടാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം. ദുരിതാശ്വാസ ഫണ്ടിലേക്ക് തങ്ങളും സംഭാവന നൽകിയിട്ടുണ്ട് എന്നും സുപ്രീംകോടതി.
3. അയോധ്യ തർക്ക ഭൂമി മൂന്നായി വിഭജിച്ചു നൽകിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി. അന്തിമ വാദം, പരിഗണിക്കുന്ന ബെഞ്ച് എന്നിവയിൽ ജനുവരിയിൽ തീരുമാനം അറിയിക്കും എന്ന് ചീഫ് ജസ്റ്റസ് രഞ്ജൻ ഗൊഗോയ്. കേസിൽ ദൈനംദിന അടിസ്ഥാനത്തിൽ വാദം കേൾക്കണമോ എന്ന കാര്യത്തിൽ സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയില്ല.
4. തകർക്കപ്പെട്ട ബാബറി മസ്ജിദ് നിലനിന്ന അയോധ്യയിലെ 2.77 ഏക്കർ തർക്ക ഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചു നൽകിയ ഹൈക്കോടതി വിധിക്ക് എതിരായ ഹർജികൾ ആണ് സുപ്രീംകോടതി പരിശോധിക്കുന്നത്. അയോധ്യ ഭൂമി, തർക്കഭൂമി വിഷയത്തിൽ മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയി, എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവർ അടങ്ങിയ പുതിയ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് എത്തിയത്.
5. സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് ഒരു മാസത്തിനകം കൂട്ടും. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വർധന. ഓട്ടോ നിലവിൽ ഉള്ള ചാർജായ 20ൽ നിന്ന് മിനിമം ചാർജ് 25 രൂപയും ടാക്‌സിക്ക് 150ൽ നിന്ന് 250 രൂപയും ആക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച റിപ്പോർട്ട് സമ്മർപ്പിച്ചതിന് ശേഷമാണ് നിരക്ക് വർധിപ്പിക്കാനുള്ള നീക്കം സർക്കാർ തലത്തിൽ കൈക്കൊള്ളുന്നത്.
6. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ നാഷണൽ പൊളിറ്റിക്കൽ ഗുണ്ട ആണെന്ന് മന്ത്രി ജി.സുധാകരൻ. അമിത് ഷാ കോടതിയെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുക ആണ്. സർക്കാരിനെ അട്ടിമറിക്കാൻ തടി മാത്രം പോര മനോബലം കൂടി വേണം എന്നും സുധാകരൻ പറഞ്ഞു. സംസ്ഥാന സർക്കാരിനെ വലിച്ച് താഴെ ഇടും എന്ന പ്രസ്താവന പിൻവലിച്ച് അമിത് ഷാ മാപ്പ് പറയണം എന്ന് സുധാകരൻ ആവശ്യപ്പെട്ടു. ബ്രാഹ്മണ മേധാവിത്തത്തിന്റെ അവസാനത്തിന്റെ ആരംഭമാണ് ഇതെന്നും സുധാകരൻ പറഞ്ഞു.
7. കേരള സന്ദർശനത്തിന് എത്തിയ അമിത് ഷായുടെ വാക്കുകൾ തീർച്ചയായും നടപ്പിലാക്കും എന്ന് ബി.ജെ.പി നേതാവ് കെ.സരേന്ദ്രൻ. അമിത് ഷാ സർക്കാരിനെ വലിച്ച് താഴെ ഇറക്കും എന്ന് പറഞ്ഞാൽ താഴെ ഇറക്കും എന്ന് തന്നെയാണ് അതിന് അർത്ഥം എന്ന് കെ.സരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ത്രിപുരയിൽ സാധ്യമാക്കാമെങ്കിൽ കേരളത്തിൽ അത് ഒരു പ്രശ്‌നമെ അല്ലെന്നും കാരണം അമിത് ഷായുടെ വാക്കുകൾ ഇതുവരെ തെറ്റിയിട്ടില്ലെന്നും സരേന്ദ്രൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
8. തനിക്ക് എതിരെ ഉയർന്ന മീ ടൂ ആരോപണത്തെ തള്ളി രംഗത്ത് എത്തയിരിക്കുകയാണ് രാഹുൽ ഈശ്വർ. ഇതൊരു ഫെമിനിസ്റ്റ് ഗൂഢാലോചനയുടെ ഭാഗം ആണ്. പിന്നിൽ മഹിഷികളായ ഫെമിനിസ്റ്റുകൾ ആണ്. ആർക്കെതിരെയും എന്ത് ആരോപണങ്ങളും ഉന്നയിക്കാം എന്ന ദുരവസ്ഥ ആണ് ഇപ്പോൾ ഉള്ളതെന്നും രാഹുൽ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. നാളെ നമ്മുടെ അച്ഛനും ജ്യേഷ്ഠനും അനുജനും എതിരെ ഇല്ലാത്ത ഒരു ആരോപണം വന്നാൽ അതിനോട് എങ്ങനെയാണ് പ്രതികരിക്കുക എന്നും രാഹുൽ ചോദിക്കുന്നു.
9. 189 യാത്രക്കാരുമായി ഇന്തോനേഷ്യയിലെ ജാവാ കടലിൽ പതിച്ച വിമാനത്തിന്റെ ക്യാ്ര്രപൻ ഡൽഹി സ്വദേശിയായ ഭവ്യ സനേജ എന്ന് റിപ്പോർട്ടുകൾ. തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് പംഗ്കൽ പിനാംഗിലേക്ക് പോയ ലയൺ എയർ വിമാനം ആണ് തകർന്നു വീണത്. രാവിലെ 6.30ന് ജക്കാർത്ത വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന വിമാനം 13 മിനിറ്റിന് ശേഷം എയർട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമാവുകയും ജാവാ കടലിലേക്ക് കൂപ്പുകുത്തുകയും ആയിരുന്നു.
10. 2018 സാമ്പത്തിക വർഷത്തിൽ ഇന്ത്യക്കാർ ചൈനീസ് ഫോണുകൾക്കായി ചിലവിട്ടത് 50,000 കോടി രൂപ. ഷവോമി, ഓപ്പോ, വിവോ, ഹോണർ, ലനോവോ മോട്ടറോള, വൺ പ്ലസ്, ഇൻഫിനിക്‌സ് തുടങ്ങിയ ഫോണുകൾ വാങ്ങാനാണ് ഇന്ത്യക്കാർ ഇത്രയും തുക ചിലവിട്ടത്. രാജ്യത്തെ മൊത്തം സ്മാർട്ട് ഫോൺ വിപണിയുടെ പകുതിയോളം വരും ചൈനീസ് ഫോണുകളുടെ വിഹിതം. വൻ സാധ്യത മുന്നിൽ കണ്ട് ഏപ്രിലിൽ ഷവോമി ഇന്ത്യയിൽ 15000 കോടി രൂപ നിക്ഷേപിക്കും എന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
11. ശ്രീകുമാർ മേനോനിലുള്ള വിശ്വാസം പൂർണമായും നഷ്ടമായെന്നും അതുകൊണ്ട് ഇനി സിനിമയ്ക്ക് വേണ്ടി സഹകരിക്കില്ലെന്നും ആണ് എം.ടിയുടെ തീരുമാനം എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ശിവരാമകൃഷ്ണൻ. ശ്രീകുമാർ മേനോനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് എം.ടിയെ മാറ്റി ചിന്തിപ്പിച്ചത്. കരാറു പ്രകാരമുള്ള സമയം കഴിഞ്ഞപ്പോൾ വക്കീൽ നോട്ടീസ് അയച്ചെങ്കിലും സംവിധായകൻ മറുപടി നൽകാൻ തയ്യാറാകത്തതിനെ തുടർന്നാണ് എം.ടി പരാതി നൽകിയത്. രണ്ടാംമൂഴം സിനിമയാക്കുക എന്നത് എം.ടിയുടെ ജീവിതാഭിലാഷം ആണ് എന്നും അദ്ദേഹം പറഞ്ഞു.