കോഴിക്കോട്: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ ശരീരം വെള്ളമാണെന്ന് പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ശരീരം ഉള്ളു പൊള്ളയായ തടിപോലെയാണെന്ന് ബി.ജെ. പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. കണ്ടാൽ കാതലായ മരമാണെന്ന് തോന്നുമെങ്കിലും തച്ചൻ കൊട്ടിയാൽ പൊള്ളയാണെന്ന് മനസിലാകും. രാജ്യവും ഇരുപതോളം സംസ്ഥാനങ്ങളും ഭരിക്കുന്ന ബി.ജെ.പി വെറും തുക്കടാ പാർട്ടിയാണെന്ന് പറഞ്ഞ പിണറായി ഏത് സ്കൂളിലാണ് പഠിച്ചതെന്നും അവർ ചോദിച്ചു.
ധാർഷ്ട്യമുള്ള ഭരണാധികാരികളെ വലിച്ച് താഴെ ഇറക്കിയ ചരിത്രം ഇന്ത്യയിലുണ്ട്. ത്രിപുരയിലും ബംഗാളിലും ഇതു കണ്ടതാണ്. പിണറായിക്കും ഇതേ അവസ്ഥ വരും.
യുവതികളെ തടയും
യുവതികളെ ഒരു കാരണവശാലും ശബരിമലയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ശോഭാ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നവംബർ അഞ്ചിന് യുവതികൾ എത്തിയാൽ തടയും. കയറിയാൽ എന്ത് ചെയ്യുമെന്ന് ഇപ്പോൾ പറയുന്നില്ല.
പൊലീസിൽ പിണറായി പറയുന്നതെല്ലാം കേൾക്കാത്തവരുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.