തിരുവനന്തപുരം: സാലറി ചലഞ്ചിൽ ബി.എം.സ് നേതൃത്വത്തിലുള്ള എൻ.ജി.ഒ സംഘ് സമർപ്പിച്ച ഹർജിയിലുണ്ടായ സുപ്രീം കോടതി വിധി ഇടതുസർക്കാരിനും ധനമന്ത്രിക്കും കനത്ത തിരിച്ചടിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. സർക്കാർ ജീവനക്കാരുടെ ആത്മാഭിമാനം തകർക്കുന്ന വിസമ്മതപത്രത്തിനെതിരെ പരമോന്നത കോടതി വിധി പറഞ്ഞ പശ്ചാത്തലത്തിൽ ധനമന്ത്രി തോമസ് ഐസക് രാജി വയ്ക്കണം. വിധി വന്നതിനെ തുടർന്ന് ഇനി സമ്മതപത്രം സമർപ്പിച്ചിരുന്നവരിൽ നിന്നും ധനം സമാഹരിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. ഇതിനുള്ള അധികാരമോ അവകാശമോ ഇനി സർക്കാരിനില്ല.
ജീവനക്കാർക്ക് സർക്കാർ സമ്മതപത്രം വിതരണം ചെയ്തിട്ടില്ല. ചില യൂണിയനുകൾ വിതരണം ചെയ്ത സമ്മതപത്രമാണ് സർക്കാരിന് ലഭിച്ചിട്ടുള്ളത്. ഇനി സർക്കാരിന് അഭികാമ്യമായുള്ളത് മൊത്തം ജീവനക്കാർക്ക് സർക്കാർ തന്നെ നേരിട്ട് വിതരണം ചെയ്ത് സമ്മതപത്രം പുതുതായി സ്വീകരിക്കുകയാണ്. ഹൈക്കോടതിയിൽ നിന്ന് വിധിയുണ്ടായിട്ടും സുപ്രീം കോടതിയെ സമീപിപ്പിച്ച ഇടതുമുന്നണി സർക്കാരിന്റെ ദുർവാശി ഇക്കാര്യത്തിലെങ്കിലും ഇനിയെങ്കിലും ഉപേക്ഷിക്കണമെന്ന് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.