ദൃശ്യം പ്രേഷകർക്ക് മുമ്പിൽ എത്തിയിട്ട് അഞ്ചുവർഷങ്ങൾ കഴിഞ്ഞുവെങ്കിലും മലയാളികൾക്ക് മറക്കാനായിട്ടില്ല വിടർന്ന കണ്ണുകളിൽ കുസൃതിയും പേടിയുമൊക്കെ നിറച്ച് ആദ്യാവസാനം വരെ സ്‌ക്രീനിൽ നിറഞ്ഞുനിന്ന ഒരു കൊച്ചുപെൺകുട്ടിയെ. അവൾ ഇപ്പോൾ ചെറിയ ഒരു പ്രമോഷൻ കിട്ടിയ സന്തോഷത്തിലാണ്, ബേബി എസ്തർ ഇനി നായിക എസ്തറാണ്. ഷാജി എൻ കരുണിന്റെ 'ഓള് 'എന്ന പുതിയ ചിത്രത്തിലെ നായികയാണ് എസ്തറിപ്പോൾ. സിനിമ ലണ്ടൻ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദം വേറെ. താനിപ്പോഴും എല്ലാവർക്കും കുഞ്ഞുതന്നെയാണെന്ന് പറയുന്നു എസ്തർ. നായികയായതിന്റ ത്രില്ല് ഉണ്ടെങ്കിലും ഒരു മാറ്റവുമില്ല മലയാളിയുടെ സ്വന്തം വീട്ടിലെ കുട്ടിക്ക്. കൂടുതൽ വിശേഷങ്ങളിലേക്ക്.....
എന്നും കൂട്ടിനുണ്ടായിരുന്ന സിനിമ
സിനിമയെ സ്‌നേഹിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ് എന്റെ വീട്ടിലുള്ളവർ. ഞങ്ങൾ മക്കൾ അമ്മയുടെ വയറ്റിലായിരിക്കുമ്പോൾ തന്നെ സിനിമ കണ്ടുതുടങ്ങി എന്നുതന്നെ പറയാം. തീരെ ചെറിയ കുട്ടിയായിരിക്കുമ്പോളും സിനിമ കാണാൻ എനിക്കിഷ്ടമായിരുന്നു. അമ്മ പറയാറുണ്ട്, മൂന്നു നാലു വയസ്സുള്ള സമയത്ത് പോലും തിയേറ്ററിൽ കസേരയിൽ കൊണ്ടുപോയി ഇരുത്തിയാൽ ബഹളമെന്നുമുണ്ടാക്കാതെ സിനിമ കാണുമായിരുന്നു ഞങ്ങളെന്ന്. അങ്ങനെ കണ്ട് കണ്ട് സിനിമയോട് വല്ലാത്ത ഇഷ്ടമാണ് എനിക്ക്.
നായികയിലേക്കുള്ള പ്രമോഷൻ
എല്ലാവരും ചോദിക്കാറുണ്ട് ബാലതാരത്തിൽ നിന്ന് നായികയാകുമ്പോൾ എന്ത് മാറ്റമാണ് തോന്നുന്നതെന്ന്. സത്യത്തിൽ എനിക്ക് ഒരു വ്യത്യാസവും തോന്നുന്നില്ല. എട്ടാം വയസിൽ സിനിമയിൽ എത്തിയതല്ലേ ഞാൻ. അന്നുതൊട്ടേ കാമറയും ഷൂട്ടിംഗുമൊക്കെ പരിചിതമാണ്. ഒരുപാട് സിനിമകൾ ചെയ്തു. മകളായും കുട്ടിയായുമൊക്കെയായി അഭിനയിച്ചു. അതിന്റെ ഒരു തുടർച്ച പോലെയേ ഇപ്പോഴും തോന്നുന്നുള്ളൂ. പിന്നെ ഞാൻ എപ്പോഴും സിനിമയിൽ ഉണ്ടായിരുന്നു. വലിയ ഇടവേളകളൊന്നും വന്നിട്ടില്ല. അഭിനയിക്കാൻ ഇഷ്ടമാണ്. അത് ഏത് കാരക്ടറായാലും വലിയ മാറ്റമൊന്നും തോന്നുന്നില്ല. ആകെയുള്ള വ്യത്യാസം ഇനി നായികയാണല്ലേയെന്ന ആളുകളുടെ ചോദ്യമാണ്. എല്ലാവരുടേയും സ്‌നേഹം ഇനിയും കൂടെയുണ്ടാകണമെന്നാണ് ആഗ്രഹം. ആളുകൾ നമ്മളെ ഇഷ്ടപ്പെട്ടാലല്ലേ സിനിമയിൽ തുടരാൻ സാധിക്കൂ. ബേബി എസ്തറിനെ സ്‌നേഹിച്ചപോലെ എസ്തറിനേയും സ്‌നേഹിക്കണം എല്ലാവരും. പിന്നെ 'ഓളി'ലെ നായികയ്ക്കും എനിക്കും ഒരേ പ്രായം തന്നെയാണ്. അതുകൊണ്ട് അഭിനയിക്കാൻ അത്ര പ്രയാസം തോന്നിയില്ല. കിട്ടിയ അവസരത്തെ ഭാഗ്യമായി കാണുകയാണ് ഞാൻ. പ്രത്യേകിച്ച് ഒരു മുന്നൊരുക്കങ്ങളും നായികയാവാൻ ചെയ്തിട്ടില്ല.
ഓള് എന്ന മായ
ഷാജി എൻ കരുൺ സാറിന്റെ ചിത്രമാണ്. ടി.ഡി രാമകൃഷ്ണനാണ് തിരക്കഥ. മായ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഒരു നാടോടി പെൺകുട്ടി. വർഷങ്ങൾക്കു മുൻപ് നടന്ന കഥയാണ് ഇത്. കാലം കുറച്ചു പഴയതാണ്. മായയുടെ പ്രണയമാണ് സിനിമ. ഒരു ഘട്ടം കഴിയുമ്പോൾ ഫാന്റസിയായി മാറുന്നുണ്ട് മായയുടെ പ്രണയവും കഥയും. ടീസർ കാണുമ്പോൾതന്നെ മനസിലാകുമത്. ഷെയ്ൻ നിഗമാണ് നായകൻ. നല്ല കട്ടി മലയാളത്തിലുള്ള ഡയലോഗുകളുണ്ടായിരുന്നു എന്റെ കഥാപാത്രത്തിന്. കുറച്ചു കഷ്ടപ്പെട്ടു എന്നു വേണേൽ പറയാം. ഷാജി സാർ എന്നെ സെലക്ട് ചെയ്തപ്പോൾ നല്ല പേടിയുണ്ടായിരുന്നു എനിക്ക്. ഒട്ടും ആത്മവിശ്വാസവുമുണ്ടായിരുന്നില്ല. എനിക്കിത് ചെയ്യാൻ പറ്റില്ലയെന്നാണ് ഞാൻ ആദ്യം പറഞ്ഞത്. പിന്നെ എല്ലാവരും പറഞ്ഞു ഇത്ര നല്ല അവസരങ്ങൾ എപ്പോഴും വരില്ല, തട്ടിക്കളയരുതെന്ന്. പതിയെ കംഫർട്ടബിളായി.
ഷെയ്ൻ സൂപ്പറാണ്
ഓളിൽ ഷെയ്നുമായിട്ടുള്ള പ്രണയമാണ് പ്രമേയമെങ്കിലും ഞങ്ങൾ തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ കുറവായിരുന്നു. സ്‌ക്രിപ്‌ട് ചർച്ച ചെയ്യുവാനും അഭിനയത്തിൽ സഹായിക്കുവാനുമൊക്കെ ഷെയ്ൻ വന്നിരുന്നു. ആള് ശരിക്കും സൂപ്പറാണ്. വ്യത്യസ്തമായ ചിന്തകളും കാഴ്‌ചപ്പാടുകളുമൊക്കെയാണ്. ഒട്ടും ഫേക്ക് അല്ല ഷെയ്ൻ.
ഞാൻ അനുമോളല്ല
ദൃശ്യത്തിലെ അനുമോളും ഞാനും തമ്മിൽ സാമ്യമൊന്നുമില്ല. കുറച്ചു കുസൃതിയൊക്കെ ഉണ്ടെങ്കിലും ഞാൻ അനുവല്ല. പക്ഷേ എല്ലാവർക്കും ഇപ്പോളും അനുവിനോട് വലിയ വാത്സല്യമാണ്. ചിലർ അനുമോളെയെന്ന് വിളിച്ചാണ് എന്റെ അടുത്ത് വരാറുള്ളത് തന്നെ. എങ്കിലും ഞാൻ അഭിനയിച്ച ഒരു കഥാപാത്രവും എന്റെ പ്രതിഫലനമല്ല എന്നാണ് സത്യം.
സൂപ്പർ കൂൾ ഫാമിലി
വീടാണ് എന്റെ ലോകം. അപ്പ അനിൽ കൃഷിക്കാരനാണ്. അമ്മ മഞ്ജു വീട്ടമ്മ. ഞങ്ങൾ മൂന്നു മക്കളാണ്. ചേട്ടൻ ഇവാൻ. അനുജൻ എറിക്. രണ്ടുപേരും സിനിമയിലുണ്ട്. അഭിനയത്തേക്കാൾ ഇവാനിഷ്ടം കാമറയാണ്. ചെറിയ വഴക്കുകൾ ഉണ്ടാക്കും എന്നല്ലാതെ ഞങ്ങൾ തമ്മിൽ അത്ര വലിയ അടിയൊന്നുമില്ല. ചെറിയ ഒരു സിനിമകുടുംബം എന്നു പറയാം. അപ്പയും അമ്മയുമാണ് വീട്ടിലെ വിമർശകർ. എന്നാലും കുറ്റപ്പെടുത്തുവൊന്നുമില്ല. ഞങ്ങളെല്ലാവരും കൂടിയിരുന്ന് സിനിമകളെപ്പറ്റി ചർച്ച ചെയ്യാറുണ്ട്. എന്നാൽ ഞങ്ങൾ അഭിനയിച്ച സിനിമകൾ അത്ര കീറിമുറിക്കില്ല.
ഞാൻ അപ്പക്കുട്ടി
ഞാനൊരു അപ്പക്കുട്ടിയാണ്. എങ്കിലും എല്ലാ കാര്യങ്ങളും തുറന്നുപറയുന്നതും കൂടുതൽ ക്ലോസ് ആയിട്ടുള്ളതും അമ്മയോട് തന്നെയാണ്. എന്റെ ബെസ്റ്റ് ഫ്രെണ്ടാണ് അമ്മ.
ക്ലാസിൽ മാവേലി
തിരക്കുകൾ കാരണം ഇടയ്ക്ക് സ്‌കൂളിൽ പോകാൻ കഴിയാതെ വരാറുണ്ട്. പ്ലസ് വണ്ണിനാണ് പഠിക്കുന്നത്. പരമാവധി ലീവ് എടുക്കാതിരിക്കാൻ ശ്രദ്ധിക്കും. ക്ലാസിൽ പോയില്ലെങ്കിൽ ഒന്നും മനസ്സിലാവില്ല. ഈ അടുത്ത് സിനിമയുടെയും ടി.വി ഷോയുടേയും തിരക്കിൽപെട്ട് കുറച്ചു ലീവെടുക്കേണ്ടിവന്നു. ഒരുപാട് പഠിക്കാനുണ്ട്. ടീച്ചർമാരും ഫ്രണ്ട്സും ഇടയ്‌ക്കെന്നെ കളിയാക്കും, മാവേലി എന്ന് വിളിച്ച്.
വയനാട് എന്റെ പ്രിയനാട്
ഞാൻ ജനിച്ചതും വളർന്നതുമെല്ലാം വയനാടാണ്. കൊച്ചിയിലേക്ക് താമസം മാറിയിട്ട് ഒരുവർഷമേ ആയിട്ടുള്ളൂ. ശരിക്കും കൊച്ചിയും വയനാടും രണ്ട് വ്യത്യസ്ത ധ്രുവങ്ങളാണ്. ഞാൻ എത്ര വളർന്നാലും എവിടെ പോയാലും വയനാട് കഴിഞ്ഞേയുള്ളൂ മറ്റേത് സ്ഥലവും. എനിക്ക് മാത്രമല്ല,എന്റെ സഹോദരൻമാർക്കും. വയനാട് ഇഷ്ടത്തിന് പിന്നിലെ ഒരു കാര്യം ഞങ്ങളുടെ വീടാണ്. നിറയെ പച്ചപ്പും മരങ്ങളുമൊക്കെ നിറഞ്ഞ വീട്. അപ്പയുടെ ഐഡിയയാണ് ആ വീട്. സിറ്റി ലൈഫിന്റെ ഒരു ഗുണമായി എനിക്ക് തോന്നുന്നത് സിറ്രി എപ്പോളും നമ്മളെ എൻഗേജ്ഡ് ആക്കി നിർത്തും. ഫ്രണ്ട്‌സിന്റെ കൂടെ കറങ്ങാനോ അല്ലങ്കിൽ എന്തെങ്കിലും പരിപാടിയോ അങ്ങനെ എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാം.
ഞാൻ അൽപ്പം സീരിയസാണ്
ചെറിയ വായിൽ വലിയ വർത്തമാനമാണല്ലോയെന്ന് ചിലർ ചോദിക്കാറുണ്ട്. മനഃപൂർവ്വം പക്വത വരുത്തുന്നതൊന്നുമല്ല. ഞാൻ ഇങ്ങനാണ്. വലിയ കുസൃതിയോ കുട്ടിക്കളിയോ ഒന്നുമുണ്ടായിരുന്നില്ല. എന്റെ പാരന്റ്‌സ് പറയും, ചെറുപ്പത്തിലേ ഞാൻ അങ്ങനെ കൊഞ്ചി സംസാരിക്കുകയൊന്നും ചെയ്യില്ലായിരുന്നെന്ന്. എന്നേക്കാൾ മുതിർന്ന ആളുകൾക്കൊപ്പമായിരുന്നു കൂടുതലും ഇടപെഴകിയിരുന്നത്. അതുകൊണ്ടാകാം പക്വതയുണ്ടന്ന് തോന്നുന്നത്. ജാഡക്കാരിയാണോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. ജാഡയൊന്നുമല്ല, അഞ്ചുവർഷമായി ഞാൻ ഇങ്ങനെ തന്നാണ്.
ഇഷ്ടം ലാലങ്കിളിനെ
മലയാളത്തിൽ ഏറ്റവും ഇഷ്ടമുള്ള നടൻ ലാലങ്കിൾ തന്നെയാണ്. വളരെ കംഫർട്ടബിളാണ് കൂടെ അഭിനയിക്കാൻ. പിന്നെ എന്റെ വീട്ടിൽ എല്ലാവരും കട്ട മോഹൻലാൽ ഫാൻസാണ്. അക്കാര്യത്തിൽ ഒറ്റക്കെട്ടാണ് ഞങ്ങൾ. ഇഷ്ടപ്പെട്ട നടിമാരിൽ ഒരാൾ പാർവ്വതിയാണ്.
കൊച്ചു കൊച്ചു സന്തോഷങ്ങൾ
ചെറിയ കാര്യങ്ങളിൽ ഒരുപാട് സന്തോഷിക്കുന്നയാളാണ് ഞാൻ. കേൾക്കുന്നവർക്ക് തോന്നും ഇതിലെന്താണ് ഇത്ര സന്തോഷിക്കാനെന്ന്. ചിലപ്പോൾ കാർമേഘം നിറഞ്ഞ ആകാശം തെളിഞ്ഞുകണ്ടാലും എനിക്കൊരുപാട് സന്തോഷം വരും. ഈ പ്രായത്തിനുള്ളിൽത്തന്നെ എന്നെ ഓർത്ത് അപ്പയും അമ്മയും അഭിമാനിക്കുന്നുണ്ടല്ലോ എന്നതാണ് മറ്റൊരു സന്തോഷം. സിനിമയല്ലാതെ വേറെ ഒരുപാട് ഇഷ്ടങ്ങളും എനിക്കുണ്ട്. സിനിമയിൽ തന്നെ തുടരുമോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. കുറേക്കാലം സിനിമയിൽ നിൽക്കുന്നതിനേക്കാൾ നല്ലത് നമ്മളെ ആളുകൾ ഇതുപോലെ സ്‌നേഹിക്കുന്നകാലം വരെ സിനിമയിൽ തുടരുന്നതല്ലേ. പ്രേക്ഷകരുടെ സ്‌നേഹം എപ്പോളും വേണമെന്നാണ് എന്റെ അഗ്രഹം. ഭാവിയിൽ എച്ച്.ആർ മാനേജർ ആകണമെന്നാണ് ആഗ്രഹം.
പേരിനോടും പെരുത്തിഷ്ടം
എസ്തർ എന്ന പേര് എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. അമ്മയാണ് പേര് കണ്ടുപിടിച്ചത്. അമ്മ കുറേ പേരുകൾ നിർദ്ദേശിച്ചപ്പോൾ അപ്പ എസ്തർ മതിയെന്ന് തീരുമാനിച്ചു. ഞങ്ങൾ മൂന്നുപേരുടേയും പേരുകൾ വ്യത്യസ്തമാണല്ലോയെന്ന് എല്ലാവരും പറയാറുണ്ട്.
മറ്റു ഭാഷാ സിനിമകളും ഇഷ്ടം
ദൃശ്യം തമിഴിലും തെലുങ്കിലും ചെയ്യാൻ പറ്റി. ഇൻഡസ്ടി മാറിയപ്പോൾ ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. കുറച്ചായപ്പോൾ ഭാഷ അത്ര വില്ലനായി തോന്നിയില്ല. തമിഴിൽ രണ്ട് ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. തെലുങ്കിന്റെ ഒരു പ്രത്യേകത നമുക്ക് കിട്ടുന്ന ബഹുമാനമാണ്. പ്രായത്തിനനുസരിച്ചല്ല അവർ നമ്മളെ റെസ്പക്ട് ചെയ്യുന്നത്, ചെയ്യുന്ന ജോലിയനുസരിച്ചാണ്. നല്ല എക്‌സ്പീരിയൻസായിരുന്നു അത്.
കമലഹാസൻ അങ്കിളിന്റെ കൂടെ അഭിനയിച്ചതും മറക്കാൻ കഴിയില്ല. നല്ല കമ്പനിയായിരുന്നു അങ്കിൾ. കോഫിയൊക്കെ ഉണ്ടാക്കിത്തരും. ഇടവേളകളിൽ ചെയ്ത സിനിമകളിലെ കഥയൊക്കെ പറയും. അത്രയും വലിയ ഒരു നടനിൽ നിന്നുതന്നെ അനുഭവങ്ങൾ കേട്ടിരുന്നതെല്ലാം ശരിക്കും ഇൻസ്പിരേഷനായിരുന്നു.
ചെറിയ വലിയ ആഗ്രഹം
ദൈവം പ്രത്യക്ഷപ്പെട്ട് എന്താ വേണ്ടത് എന്ന് ചോദിച്ചാൽ ഒറ്ര ആഗ്രഹമേ ഞാൻ പറയൂ. എനിക്കെന്നും ഇതുപോലെ സന്തോഷമായിട്ട് ഇരിക്കാൻ പറ്റണേന്ന്. എന്റെ ഫാമിലിയുടെ കൂടെ ഹാപ്പി ആയി ഇരിക്കാനാണ് ഏറ്റവും ഇഷ്ടം. അതാണ് ഏറ്റവും വലുതും.