flight
flight

ജക്കാർത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് ബങ്കാ ദ്വീപിലെ പങ്കാൽ പിനാങ്കിലേക്കു പോയ യാത്രാ വിമാനം ജാവാ കടലിൽ തകർന്നു വീണ് 189 പേർ മരിച്ചു. രണ്ടു കൈക്കുഞ്ഞുങ്ങളും ഒരു കുട്ടിയും 178 യാത്രക്കാരും ആറു ജീവനക്കാരും രണ്ടു പൈലറ്റുമാരും ദുരന്തത്തിനിരയായി. പൈലറ്റുമാരിൽ ഒരാൾ ഡൽഹി സ്വദേശിയായ ഭാവ്യെ സുനെജ എന്ന 31കാരനാണ്.

ഇന്നലെ രാവിലെ 6.21ന് സുക്കാർണോ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന വിമാനം പതിമ്മൂന്നു മിനിട്ടു കഴിഞ്ഞ് 6.33ന് തിരിച്ചിറക്കാൻ പൈലറ്റ് അനുവാദം ചോദിച്ചിരുന്നു. എന്നാൽ പൊടുന്നനെ കൺട്രോൾ ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വിമാനം കടലിൽ പതിക്കുന്നതു ബോട്ടു തൊഴിലാളികൾ കണ്ടതിനാൽ ദുരന്തസ്ഥലത്തേക്ക് രക്ഷാ പ്രവർത്തകർക്ക് എത്താൻ ബുദ്ധിമുട്ടുണ്ടായില്ല. എന്നാൽ, ആരെയും ജീവനോടെ കണ്ടെത്താൻ കഴിഞ്ഞില്ല.

തീരത്തുനിന്ന് പതിനഞ്ചു കിലാേമീറ്റർ മാറി മനുഷ്യശരീര ഭാഗങ്ങൾ കടലിൽ പൊങ്ങിയിട്ടുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. നാല്പതു മീറ്ററോളം ആഴത്തിലാണ് വിമാനം. നാല്പതു മുങ്ങൽ വിദഗ്ദ്ധരും 150 രക്ഷാ പ്രവർത്തകരും തെരച്ചിൽ തുടരുകയാണ്.

ടിൻ ഖനന മേഖലയായ ദ്വീപിലെ പ്രശസ്തമായ ബീച്ചിലേക്കു പോയ വിനോദസഞ്ചാരികളും ഖനി ജീവനക്കാരും 23 സർക്കാർ ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു.

തകർന്നത് ലയൺ എയർ വിമാനം

സ്വകാര്യ കമ്പനിയായ ലയൺ എയറിന്റേതാണ് യാത്രാ വിമാനം. ബോയിംഗിന്റെ പുതിയ വിമാനമായ 737 മാക്സ് ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് സർവീസ് തുടങ്ങിയത്. 210 യാത്രക്കാരെ വഹിക്കാൻ കഴിവുള്ള വിമാനം ഇന്തോനേഷ്യയിൽ ആദ്യമായി സർവീസിന് സ്വന്തമാക്കിയതും ലയൺ എയറാണ്.