കൽപ്പറ്റ: "ഇതെന്റെ രണ്ടാം ജന്മമാണ്. വയനാട്ടിലായിരുന്നെങ്കിൽ ഞാൻ ഉണ്ടാവുമായിരുന്നില്ല. ദുബായിലെ പ്രവാസികൾക്കും വയലും വീടും കൂട്ടായ്മയിലെ മുഴുവൻ സുഹൃത്തുക്കൾക്കും എം.എ. യൂസഫലിക്കും ചികിത്സിച്ച ദുബായിലെ ആശുപത്രി അധികൃതർക്കും നന്ദി.'' പാരമ്പര്യ നെൽവിത്ത് സംരക്ഷകനും അറിയപ്പെടുന്ന കർഷകനുമായ വയനാട്ടിലെ കുറിച്യർ കാരണവർ ചെറുവയൽ രാമൻ നിറകണ്ണുകളോടെ പറഞ്ഞു.
ചികിത്സയ്ക്ക് ശേഷം ഇന്നലെ കാലത്ത് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ രാമനെ സ്വീകരിക്കാൻ അറിയപ്പെടുന്ന കർഷകനും എഴുത്തുകാരനുമായ ഏച്ചോം ഗോപി, കിരൺ കൊളവയൽ എന്നിവർ കാറുമായി എത്തിയിരുന്നു. മകൻ രാജേഷിനോടൊപ്പം വന്നിറങ്ങിയ ചെറുവയൽ രാമൻ നേരെ വീട്ടിലേക്ക്. ഇന്നലെ ഉച്ച കഴിഞ്ഞ് വീട്ടിലെത്തിയ രാമനെ സ്വീകരിക്കാൻ ഭാര്യ ഗീതയും മക്കളും അടക്കം വലിയൊരു ജനാവലി ഉണ്ടായിരുന്നു. വീട്ടിലെത്തിയ ഉടൻ ആ പഴയ ഒറ്റ തോർത്ത് മുണ്ടും, മുറിക്കൈയൻ ഷർട്ടും പിന്നെ ഒരു തലേക്കെട്ടും കെട്ടിയപ്പേഴാണ് രാമന് ആശ്വാസമായത്.
ദുബായിൽ വയലും വീടും പരിപാടിയിൽ പങ്കെടുക്കാനായി പോയ ചെറുവയൽ രാമൻ കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ നാലാം തീയതി മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയലും വീടും പരിപാടിയുടെ കോ-ഒാർഡിനേറ്റർ അബ്ദുൾ സലാമിന്റെ നേതൃത്വത്തിലായിരുന്നു ദുബായിലെ ചടങ്ങ്. കഴിഞ്ഞ പതിനെട്ടാം തീയതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും പ്രവാസികളുടെ സഹായത്തോടെ അവിടെ ഒരു ഹോട്ടലിലായിരുന്നു. ചികിത്സാ ചെലവ് മാത്രം പതിനാറ് ലക്ഷത്തോളം രൂപയായി. പിന്നെ ഹോട്ടൽ ചെലവും മറ്റുമായി ലക്ഷങ്ങൾ വേറെയും. എല്ലാം കൂടി നാല്പത് ലക്ഷം രൂപയെങ്കിലും വരും. ചികിത്സാ ചെലവിന് ആദ്യം സഹായിച്ചത് എം.എ. യൂസഫലിയാണ്. സുഹൃത്തുക്കളും ഒരുപാട് രൂപ ചെലവാക്കി. അവരോടൊക്കെ എന്നും കടപ്പാടുണ്ടായിരിക്കും.
ഒരു മാസത്തേക്ക് മരുന്ന് തന്നയച്ചിട്ടുണ്ട്. അത് കഴിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധനയ്ക്ക് പോണം. ഇനി എല്ലാം കരുതലോടെയാണെന്നും ചെറുവയൽ രാമൻ പറഞ്ഞു.