കൊളംബോ: അംഗരക്ഷകന്റെ വെടിയേറ്റ് ഒരാൾ മരിച്ച സംഭവത്തിൽ മുൻ ക്രിക്കറ്റ് താരവും ശ്രീലങ്കൻ പെട്രോളിയം മന്ത്രിയുമായ അർജുന രണതുംഗയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. രണതുംഗയെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് വക്താവ് റുവാൻ ഗുണശേഖര വ്യക്തമാക്കി. ശ്രീലങ്കയിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം നടക്കുന്ന ആദ്യ പൊലീസ് നടപടിയാണ്.
കഴിഞ്ഞ ദിവസം രണതുംഗയുടെ അംഗരക്ഷകന്റെ വേടിയേറ്റ് ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ‌്തിരുന്നു. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയുടെ പക്ഷക്കാരനായ രണതുംഗെയുടെ ഓഫീസിൽ ഇന്നലെ വൈകിട്ട് ജനക്കൂട്ടം അതിക്രമിച്ച് കയറാൻ ശ്രമിച്ചപ്പോഴാണ് അംഗരക്ഷകർ വെടിവച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിരിസേനയുടെ യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ് പാർട്ടി റെനിൽ വിക്രമസിംഗെയുടെ സഖ്യകക്ഷി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. ഇതിനു പിന്നാലെ വിക്രമസിംഗയെ പ്രധാനമന്ത്രിപദത്തിൽ നിന്ന് പുറത്താക്കുകയും മുൻ പ്രസിഡന്റ് മഹിന്ദ രജപക്‌സെയെ പ്രധാനമന്ത്രിയായി നിയമിക്കുകയും ചെയ്‌തു. തുടർന്ന് സിരിസേന പാർലമെന്റ് മരവിപ്പിക്കുകയും ചെയ്‌തു.