alphons-kannanthanam

ന്യൂഡൽഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്‌താവനയിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. അമിത് ഷായെ പിണറായി വിജയൻ അധിക്ഷേപിച്ചിരിക്കുകയാണെന്നും അദ്ദേഹത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ അപകീർത്തിപരമാണെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

അമിത് ഷായുടെ പ്രസംഗത്തിന്റെ തർജമയിൽ പ്രശ്‌നമുണ്ടായെന്നും ജനവികാരം മാനിച്ചില്ലെങ്കിൽ ജനം സർക്കാരിനെ വലിച്ചിടുമെന്നാണ് അമിത് ഷാ കേരളത്തിൽ വന്നപ്പോൾ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചർത്തു. യഥാർത്ഥ പ്രശ്‌നത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ജനങ്ങൾ ഇതിന് മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് പ്രസംഗിക്കുന്നതിനിടയിലാണ് അമിത് ഷായെ പിണറായി വിജയൻ കടന്നാക്രമിച്ചത്. കേരളാ സർക്കാരിനെ വലിച്ചിടാനുള്ള തടിയൊന്നും അമിത് ഷായ്ക്കില്ലെന്നായിരുന്നു പിണറായിയുടെ പ്രസ്‌താവന. ഇഷ്ടം പോലെ എടുത്ത് കെെകാര്യം ചെയ്യാനുള്ള ഇടമല്ല കേരള സർക്കാരെന്നും ഈ നാടിനെയും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും ഭീഷണിപ്പെടുത്തേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.