ന്യൂഡൽഹി: മീ ടൂ ലൈംഗികാരോപണം നേരിട്ട പ്രമുഖ ബ്രാൻഡ് കൺസൾട്ടന്റ് സുഹേൽ സേട്ടുമായുള്ള കരാർ അവസാനിപ്പിക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു. സുഹേലിന്റെ 'കൗൺസലേജു'മായുള്ള കരാർ നവംബർ 30ന് അവസാനിക്കാനിരിക്കെയാണ് കരാർ പുതുക്കുന്നില്ലെന്ന് ടാറ്റാ ഗ്രൂപ്പ് തീരുമാനിച്ചത്. പ്രമുഖ മോഡൽ ഡിയാൻഡ്ര സോറെസ്, ചലച്ചിത്രകാരി നടാഷ റാത്തോഡ്, എഴുത്തുകാരി ഇറ ത്രിവേദി തുടങ്ങിയവരാണ് സുഹേൽ സേട്ടിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. സൈറിസ് മിസ്ട്രിയെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയ ശേഷം ടാറ്റയുടെ മാർക്കറ്റിംഗിൽ കൗൺസലേജായിരുന്നു സുപ്രധാന പങ്കുവഹിച്ചത്. അദ്ദേഹത്തിനെതിരെ ആറ് സ്ത്രീകൾ മീ ടൂ ആരോപണവുമായി രംഗത്തെത്തിയതോടെ കൗൺസലേജുമായി ഇടപാട് അവസാനിപ്പിക്കാൻ ടാറ്റ തീരുമാനിക്കുകയായിരുന്നു.