തൃശൂർ: ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിൽ യുവതിയെയും കാമുകനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. തിരൂർ സ്വദേശി സുജാതയെയും കാമുകൻ സുരേഷ് ബാബുവിനെയും വിയ്യൂർ പൊലീസാണ് അറസ്‌റ്റ് ചെയ്‌തത്. ഇവരിൽ നിന്നും ക്വട്ടേഷൻ ഏറ്റെടുത്ത നാല് പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ വയനാട്ടിലേക്ക് പോകാൻ ഇറങ്ങിയ തൃശൂർ സ്വദേശി കൃഷ്‌ണകുമാറിനെ കാറിടിച്ച് കൊല്ലാൻ ശ്രമം നടന്നിരുന്നു. സംഭവത്തിൽ സംശയം തോന്നിയ കൃഷ്‌ണകുമാർ പരാതിയുമായി പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ നൽകിയ ക്വട്ടേഷനാണെന്ന് മനസിലായത്. സ്വകാര്യ ബസ് ജീവനക്കാരനായ സുരേഷ് ബാബുവും കൃഷ്‌ണകുമാറിന്റെ ഭാര്യ സുജാതയും ഏറെ കാലമായി സൗഹൃദത്തിലായിരുന്നു. ഭർത്താവിനെ വകവരുത്തിയാൽ തങ്ങളുടെ പ്രണയ ബന്ധം സഫലമാകുമെന്ന് കരുതിയാണ് ഇവർ നാല് ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ നൽകിയത്. എന്നാൽ കാറിടിച്ച് കൊല്ലാനുള്ള ശ്രമത്തിനിടെ അത്ഭുതകരമായി കൃഷ്‌ണകുമാർ രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ കാലിന് പരിക്കേറ്റ കൃഷ്‌ണകുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കൃഷ്‌ണകുമാറിന്റെ സംശയം?
വയനാട്ടിൽ തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കൃഷ്‌ണകുമാറിനെ കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ വീട്ടിൽ നിന്നും നടന്ന് പോകുമ്പോഴാണ് റോഡിന്റെ വശത്ത് നിറുത്തിയിട്ടിരുന്ന വാഹനം ഇടിച്ചുതെറിപ്പിച്ചത്. പരിക്കേറ്റ് റോഡിന് സമീപത്തേക്ക് തെറിച്ച് വീണെങ്കിലും കൃഷ്‌ണകുമാറിന്റെ മനസിൽ നിറയെ സംശയങ്ങളായിരുന്നു. റോഡിൽ നിറുത്തിയിട്ടിരുന്ന വാഹനം തന്നെ കണ്ടപ്പോൾ എന്തിന് മുന്നോട്ടെടുത്ത് ഇടിച്ചിട്ടു എന്നതായിരുന്നു കൃഷ്‌ണകുമാറിനെ അലട്ടിയിരുന്നത്. ഇക്കാര്യത്തിൽ പരാതി നൽകേണ്ടെന്ന് ഭാര്യ സുജാത പറഞ്ഞതും സംശയങ്ങൾ ഇരട്ടിപ്പിച്ചു. സുജാതയും സുരേഷ് ബാബുവും തമ്മിൽ അടുപ്പമുണ്ടായിരുന്നത് അറിയാമായിരുന്ന കൃഷ്‌ണകുമാർ ഈ സംശയങ്ങളെല്ലാം വച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെട്ടത്.
ജീവനോളം സ്‌നേഹിച്ചിട്ടും
കൃഷ്ണകുമാറിനെ ഇടിച്ചിട്ട വാഹനം അന്വേഷിക്കലായിരുന്നു പൊലീസിന്റെ ആദ്യ ജോലി. വാഹനത്തിന്റെ നമ്പർ വച്ച് അന്വേഷിച്ചപ്പോൾ ഇത് വാടകവണ്ടിയാണെന്ന് തെളിഞ്ഞു. തുടർന്നാണ് ക്വട്ടേഷൻ സംഘാംഗങ്ങളായ തൃശൂർ വടക്കാഞ്ചേരി സ്വദേശി ഓമനക്കുട്ടൻ, കൂട്ടാളികളായ ഷറഫുദ്ദീൻ, മുഹമ്മദലി, ശരത് എന്നിവർ പിടിയിലായത്. പൊലീസുകാരുടെ ചോദ്യം ചെയ്യലിൽ പ്രതികൾ എല്ലാം മണിമണിയായി പറഞ്ഞു. വയനാട്ടിലേക്ക് പോകാൻ രാവിലെ എഴുന്നേറ്റ കൃഷ്‌ണകുമാർ കുളിക്കാൻ പോയ തക്കത്തനാണ് സുജാത സുരേഷ് ബാബുവിനെ വിവരം അറിയിച്ചത്. റോഡിലിറങ്ങിയാലുടൻ ഇടിച്ചുവീഴ്‌ത്താനായിരുന്നു പദ്ധതി എന്നാൽ ഇടതുവശത്ത് കൂടി നടന്ന കൃഷ്‌ണകുമാർ വലതുവശത്തേക്ക് മാറിയതോടെ ക്വട്ടേഷൻ സംഘത്തിന്റെ പദ്ധതി പാളി. പരിക്കുകളോടെ കൃഷ്ണകുമാർ രക്ഷപ്പെട്ടു. എല്ലാം പുറത്തായപ്പോൾ തന്നോട് ക്ഷമിക്കണമെന്നായിരുന്നു സുജാതയുടെ പ്രതികരണം. എന്നാൽ ഇതിന് കൃഷ്‌ണകുമാർ പറഞ്ഞ മറുപടിയാണ് പൊലീസുകാർ ഉൾപ്പെടെയുള്ളവരുടെയടക്കം കണ്ണ് നനയിച്ചത്. ജീവനോളം സ്‌നേഹിച്ചിട്ടും നീയെന്നെ വധിക്കാൻ നോക്കിയല്ലോ എന്നായിരുന്നു കൃഷ്‌ണകുമാറിന്റെ ചോദ്യം.