-manjeswaram-by-election

തിരുവനന്തപുരം: മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് ഉണ്ടായാൽ വിജയിക്കുമെന്ന് ഉറപ്പില്ലാത്തത് കൊണ്ടാണ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ഹൈക്കോടതിയിലെ കേസ് പിൻവലിക്കാത്തതെന്ന് കുഞ്ഞാലിക്കുട്ടി എം.പി ആരോപിച്ചു. കേസിന്റെ കാര്യത്തിൽ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളവോട്ടുകൾ നടന്നുവെന്ന് ആരോപിച്ച് സുരേന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ കേസിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയം കേന്ദ്ര- സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിശ്വാസികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്. പ്രശ്‌ന പരിഹാരത്തിന് പല മാർഗങ്ങളുള്ള കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല. ഉത്തരവാദപ്പെട്ടവർ ഈ വിഷയത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് ജനങ്ങൾ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ നടത്തിയ പരാമർശങ്ങളെയും കുഞ്ഞാലിക്കുട്ടി നിശിതമായി വിമർശിച്ചു. സർക്കാരിനെ വലിച്ച് താഴെയിടുമെന്ന അമിത് ഷായുടെ പ്രസ്‌താവന പൊങ്ങച്ചമായി കണ്ടാൽ മതി. അമിത് ഷായുടെ പരാമർശം കാര്യമായി എടുക്കേണ്ടെന്ന് കേരളത്തിലെ ബി.ജെ.പിക്കാർ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.