air-pollution

ജനീവ : വായുമലിനീകരണം ഒരു വർഷം ശരാശരി 600,​000 കുട്ടികളുടെ ജീവനെടുക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളുമായി ലോകാരോഗ്യ സംഘടന. ഐക്യരാഷ്ട്ര സഭയുടെ ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം പതിനഞ്ച് വയസിന് താഴെയുള്ള 100 കോടി കുട്ടികളാണ് മാരകമായ മലീന വായു വർഷം പ്രതി ശ്വസിക്കുന്നത്. ഇതിൽ ഏകദേശം 63 കോടി കുട്ടികൾ അഞ്ച് വയസിന് താഴെയാണ്. 2016ൽ മാത്രം 600,​000 കുട്ടികളാണ് വായു മലിനീകരണം കാരണം ശ്വാസ സംബന്ധിയായ അസുഖം ബാധിച്ച് മരണപ്പെട്ടത്. ലോകജനസംഖ്യയിൽ 90 ശതമാനം പേരും മലിന വായു ശ്വസിക്കുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

"ഇത് ഖേദകരമാണ്. ഓരോ കുട്ടിക്കും ശുദ്ധ വായു ശ്വസിക്കാൻ കഴിയണം. വായു മലിനീകരണം കുട്ടികളുടെ ജീവിതം തകർക്കുകയാണ്." - ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗെബ്രെയെസുസ് പറഞ്ഞു. മലിന വായു ശ്വസിക്കുന്ന ഗർഭിണികൾ വൈകല്യമുള്ള കുട്ടികൾക്ക് ജന്മം നൽകാൻ സാധ്യത കൂടുതലാണെന്നും ഐക്യരാഷ്ട്ര സഭയുടെ ആരോഗ്യവകുപ്പിന്റെ കുറിപ്പിലുണ്ട്.

മുതിർന്നവരേക്കാൾ വേഗത്തിൽ ശ്വസിക്കുന്നതാണ് കുട്ടികളെ മലിനീകരണം കൂടുതൽ ബാധിക്കുന്നതിന്റെ കാരണങ്ങളിലൊന്നായി ചൂണ്ടി കാണിക്കപ്പെടുന്നത്.തലച്ചോറിന്റെ വികാസത്തെയും ചിന്തനാശേഷിയേയും വായു മലിനിലീകരണം മോശമായി ബാധിക്കുന്നു. കാൻസർ,​ ആസ്ത്മ തുടങ്ങി നിരവധി രോഗങ്ങൾക്കും കാരണമായേക്കാം. വായു മലിനീകരണം തടയാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിട്ടുണ്ട്.