ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ ലെസ്റ്റർ സിറ്റിയുടെ ഉടമയും തായ്‌ലൻഡിലെ ശതകോടീശ്വരനുമായ വിഷൈ ശ്രീവദനപ്രഭ (60) ഹെലികോപ്ടർ അപകടത്തിൽ മരിച്ചു. വിഷൈയും മറ്റ് നാലുപേരും സഞ്ചരിച്ച ഹെലികോപ്ടർ കത്തിയെരിയുകയായിരുന്നു. കോപ്ടറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. വിഷൈയുടെ മകൾ ഒപ്പമുണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
ക്ലബ്ബിന്റെ ലെസ്റ്ററിലെ ഹോം ഗ്രൗണ്ടായ കിംഗ് പവർ സ്റ്റേഡിയത്തിനോടു ചേർന്നുള്ള കാർ പാർക്കിലാണ് ഇന്നലെ രാത്രി അദ്ദേഹത്തിന്റെ സ്വകാര്യ ഹെലികോപ്ടർ തകർന്നുവീണു കത്തിയമർന്നത്. രാത്രി ലെസ്റ്റർ സിറ്റിയും വെസ്റ്റ്ഹാം യുണൈറ്റഡും തമ്മിൽ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാച്ചിനു ശേഷം സ്റ്റേഡിയത്തിൽനിന്നു മടങ്ങവേ രാത്രി ഒൻപതുമണിയോടെയായിരുന്നു അപകടം. എട്ടു സീറ്റുള്ള ഹെലികോപ്ടറിൽ ആരൊക്കെ ഉണ്ടായിരുന്നു എന്നകാര്യം ഇനിയും വ്യക്തമായിട്ടില്ല. കടുത്ത ഫുട്ബാൾ പ്രേമിയായ വിജയ് ശ്രീവദനപ്രഭ ഇംഗ്ലണ്ടിലെത്തിയാൽ ആഭ്യന്തര യാത്രയ്ക്കായി ഉപയോഗിക്കുന്ന സ്ഥിരം ഹെലികോപ്ടറാണിത്.