-kannur-airport

തിരുവനന്തപുരം: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉദ്ഘാടനം കഴിയും മുമ്പേ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ യാത്രക്കാരനായി എത്തിയത് സംസ്ഥാനത്ത് രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്. വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയ സാഹചര്യത്തിൽ വിശദീകരണവുമായി കണ്ണൂർ വിമാനത്താവള (കിയാൽ) അധികൃതർ രംഗത്തെത്തി. അമിത് ഷായുടെ വിമാനത്തിന് ഇറങ്ങാൻ അനുമതി നൽകിയത് സർക്കാരല്ല. നോൺ ഷെഡ്യൂൾഡ് വിമാനങ്ങൾക്കും വിമാനത്താവളത്തിൽ ഇറങ്ങാവുന്നതാണെന്നും കിയാൽ അധികൃതർ വ്യക്തമാക്കി.

അമിത് ഷായുടെ വിമാനത്തിന് ഇറങ്ങാൻ അനുമതി നൽകിയത് സർക്കാരല്ല. മറിച്ച് കിയാൽ അധികൃതർ തന്നെയാണെന്നും വിശദീകരണത്തിൽ തുടരുന്നു. നിയമാനുസൃതമായി തന്നെയാണ് വിമാനത്തിന് അനുമതി നൽകിയതെന്നും അധികൃതർ വ്യക്തമാക്കി. കണ്ണൂരിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനായി എത്തിയ അമിത് ഷാ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം നടത്തിയ പരാമർശങ്ങൾ വിവാദത്തിലായിരുന്നു. അമിത് ഷായ്‌ക്ക് അനുമതി നൽകിയത് സംസ്ഥാന സർക്കാരാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. എന്നാൽ കേന്ദ്രസർക്കാരാണ് അനുമതി നൽകിയതെന്ന് സംസ്ഥാന സർക്കാർ വൃത്തങ്ങളും ആരോപിച്ചിരുന്നു. ഇതിനിടയിലാണ് കിയാൽ അധികൃതരുടെ വിശദീകരണം വന്നത്.