rohitsharma

മുംബയ് : വിൻഡീസിനെതിരായ നാലാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 224 റൺസിന്റെ കൂറ്റൻ ജയം. കളിയുടെ സമസ്ത മേഖലയിലും ആധികാരികമായി കളിച്ചാണ് ഇന്ത്യൻ ജയം. ജയിക്കാൻ 378 റൺസ് വേണമായിരുന്ന വിൻഡീസിന്റെ പോരാട്ടം 153 റൺസിലൊതുങ്ങി. ബാറ്രിങ്ങിൽ ഇന്ത്യക്കായി റോഹിത് ശർമ്മയും അമ്പാട്ടി റായുഡുവും ബൗളിങ്ങിൽ ഖലീൽ അഹമ്മദും കുൽദീപും യാദവും മികച്ചു നിന്നു. വെസ്റ്റ് ഇൻഡീസിനായി ക്യാപ്റ്റൻ ജേസൺ ഹോൾഡർ ഒഴികെ മറ്റാർക്കും തിളങ്ങാനായില്ല. ഹോൾഡറിന്റെ ചെറുത്തു നിൽപ്പാണ് വിൻഡീസിനെ നൂറ് റൺസ് കടത്തിയത്. റൺ അടിസ്ഥാനത്തിൽ ഇത് ഇന്ത്യയുടെ മുന്നാമത്തെ ഏറ്രവും വലിയ വിജയവും വിൻഡീസിന്റെ രണ്ടാമത്തെ ഏറ്റവും വലിയ തോൽവിയുമാണ്.


നേരത്തെ ടോസ് ജയിച്ച ഇന്ത്യ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യമൂന്ന് മത്സരങ്ങളിലും സെഞ്ച്വറി നേടിയിരുന്ന ക്യാപ്ടൻ കൊഹ്‌ലിക്ക് ഇന്നലെ തിളങ്ങാനാകാത്തതിന്റെ കുറവ് റോഹിത് ശർമ്മ തീർത്തു. ഒാപ്പണിംഗിൽ ശിഖർധവാനും (38) രോഹിതിന് മികച്ച പിന്തുണ നൽകി. എട്ടാം ഒാവറിൽ രോഹിതും ധവാനും ചേർന്ന് ടീം സ്കോർ 50 കടത്തിയിരുന്നു.12ാം ഒാവറിൽ ടീം സ്കോർ 71ൽ നിൽക്കെയാണ് കീമോപോളിന്റെ പന്തിൽ കെയ്‌റോൺ പവലിന് ക്യാച്ച് നൽകി ധവാൻ മടങ്ങിയത്. തുടർന്നിറങ്ങിയ കൊഹ്‌ലിയെകൂട്ടി രോഹിത് 100 കടത്തി. 17 പന്തിൽ രണ്ട് ബൗണ്ടറികൾ പറത്തിയ ഇന്ത്യൻ ക്യാപ്ടനെ 17ാം ഒാവറിൽ കെമർറോഷിന്റെ പന്തിൽ കീപ്പർ ഹോഫ് പിടികൂടിയപ്പോൾ വിൻഡീസുകാർ ഏറെ ആഹ്‌ളാദിച്ചതാണ്. എന്നാൽ അവരുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി രോഹിതും അമ്പാട്ടിയും കുതിച്ചുതകർത്തു. റോഹിത് ശർമ്മയുടെയും അമ്പാട്ടി റായുഡുവിന്റെയും സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 377 റൺസെടുത്തു. റോഹിത് 137 പന്തിൽ ഇരുപത് ഫോറും നാല് സിക്‌സറും പറത്തി 162 റൺസെടുത്തു. 150 റൺസിൽ കൂടുതൽ റോഹിത് ശർമ്മ എടുക്കുന്നത് ഇത് ഏഴാം തവണയാണ്. 81 പന്തിൽ എട്ട് ഫോറിന്റെ നാല് സിക്‌സിന്റെയും അകമ്പടിയോടെയാണ് അമ്പാടി റായുഡു 100 റൺസെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് തുടക്കത്തിലെ തകർന്നു. 20 റൺസിനിടയ്ക്ക് മുന്ന് വിക്കറ്രാണ് വിൻഡീസ്ന് നഷ്ടമായത്. അവിയെ നിന്ന് കരകയറാൻ ഒരിക്കൽ പോലും ടീമിനായില്ല. 56 റൺസായപ്പോഴേക്കും 6 വിക്കറ്റ് നഷ്ടമായ വിൻഡീസിനായി ക്യാപ്ടൻ ജാസൺ ഹോൾഡർ ഒരറ്റത്ത് പൊരുതിനിന്നെങ്കിലും അല്ലനെയും (10), നഴ്സിനെയും (8) പുറത്താക്കി കുൽദീപ് യാദവ് വിൻഡീനെ 101/8 എന്ന നിലയിലാക്കി.തുടർന്ന് വാലറ്റക്കാരെ കൂട്ടുപ്പിടിച്ച് ഹോൾഡർ ചെറുത്തുനിൽപ്പ് 153 റൺസിൽ അവസാനിച്ചു. 70 പന്തിൽ ഒരു ഫോറും നാല് സിക്സറുമടിച്ച ഹോൾഡർ 54 റൺസെടുത്തു. ഇന്ത്യക്കായി ഖലീൽ അഹമ്മദും കുൽദീപ് യാദവും മൂന്ന് വീതം വിക്കറ്റെടുത്തു.

ഈ മത്സരം ജയിച്ചതോടെ അഞ്ച് കളിയുള്ള പരമ്പരയിൽ ഇന്ത്യ 2-1ന് മുൻപിലാണ്. അവസാന ഏകദിനം നവംബർ ഒന്നിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്രേഡിയത്തിൽ വച്ചാണ്. ഇതോടെ മലയാളികൾക്ക് കേരളപ്പിറവി ദിനത്തിൽ അവേശപ്പോരാട്ടത്തിന് വേദിയൊരുങ്ങി.