george

ഡാലസ്: വിജയകരമായ കുടുംബ ജീവിതം പ്രകടമാകുന്നത് ഭാര്യാ- ഭർത്താക്കന്മാർ തോറ്റു കൊടുക്കുന്ന ഭവനങ്ങളിൽ മാത്രമാണെന്ന് മർത്തോമാ സഭയിലെ സീനിയർ പട്ടക്കാരനും സുവിശേഷ പ്രാസംഗികനും ഫ്ളോറിഡാ മർത്തോമാ ഇടവകകളിലെ മുൻ വികാരിയുമായ റവ. റ്റി. സി. ജോർജ് പറഞ്ഞു. ഡാലസ് സെന്റ് പോൾസ് മർത്തോമാ ചർച്ചിൽ ധ്യാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

വിവാഹബന്ധങ്ങളിലും കുടുംബ ജീവിതത്തിലും പ്രശ്നങ്ങളെ അഭിമുഖീകരി ക്കേണ്ടി വരുമ്പോൾ അതിനെ വിജയകരമായി തരണം ചെയ്യുന്നതിന് ഒറ്റമൂലി ഇതു മാത്രമാണെന്നും അച്ചൻ ഓർമ്മിപ്പിച്ചു. പരിശുദ്ധ വിവാഹ ബന്ധത്തിന്റേയും ക്രിസ്തീയ വിശ്വാസത്തിന്റേയും തായ് വേരറക്കുന്ന വിധി പ്രഖ്യാപനങ്ങളാണ് ഇന്ത്യൻ സുപ്രീം കോടതി ഈയ്യിടെ പുറപ്പെടുവിച്ചിരിക്കുന്നത്.സ്വവർഗ വിവാഹം, വിവാഹേതര ബന്ധം എന്നിവയ്ക്ക് നിയമസാധുത നൽകിയത് അംഗീകരിക്കാവുന്നതല്ലെന്നും അച്ചൻ പറഞ്ഞു.

കുടുംബദിന പ്രത്യേക ശുശ്രൂഷകൾക്ക് , റവ. മാത്യു ജോസഫ് (മനോജച്ചൻ), എൻ. വി. അബ്രഹാം, റോബിൻ ചേലങ്കരി, ടി. എം. സ്‌കറിയ, സഖറിയ തോമസ്, കൃപാ തോമസ്, ലാലി അബ്രഹാം, എഡിസൺ തുടങ്ങിയവർ നേതൃത്വം നൽകി. ഡാലസിലെ സെഹിയോൻ മർത്തോമാ ചർച്ച്, കരോൾട്ടൻ മർത്തോമാ ചർച്ച്, ഫാർമേഴ്സ് ബ്രാഞ്ച് മർത്തോമാ ചർച്ച് തുടങ്ങിയ ഇടവകകളിലും ഫാമിലി സൺഡേയോടനുബന്ധിച്ചു പ്രത്യേക ആരാധനകളും ധ്യാന പ്രസംഗങ്ങളും നടന്നു.