isl

ജംഷഡ്പൂർ: രണ്ട് ഗോളിന് പിന്നിൽ നിന്നതിന് ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ച് സമനില പിടിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാം ജയം പ്രതീക്ഷിച്ചെത്തിയ മഞ്ഞപ്പടയും ജംഷഡ്പൂർ എഫ്.സിയും സമനിലയിൽ പിരിയിരുകയായിരുന്നു. ബ്ലാസ്റ്റേഴ്സിനായി സ്ലാവിയ സ്റ്റൊയനോവിച്ചി, മലയാളിതാരം സി.കെ വിനീത് എന്നിവർ ഗോൾ നേടിയപ്പോൾ ഓസിസ് താരം ടീം കാഹിൽ, മെെക്കൽ സൂയസ് രാജ് എന്നിവർ ജംഷഡ്പൂരിന് വേണ്ടി സ്കോർ നേടി.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ടീം കാഹിലിന്റെ മിന്നൽ ഹെഡ്ഡറിലൂടെ ജംഷഡ്പൂരാണ് ആദ്യം സ്കോർ ബോർഡ് തുറന്നത്. സിഡോയുടെ അതിമനോഹരമായ കോർണർ കിക്ക് ബ്ലാസ്റ്റേഴ്സിന്റെ വലയിലെത്തിച്ച് മൂന്നാം മിനിറ്റിൽ തന്നെ കാഹിൽ മഞ്ഞപ്പടയെ ഞെട്ടിച്ചു. ആദ്യ ഗോളിന്റെ ഞെട്ടൽ വിട്ടുമാറുന്നതിന് മുമ്പേ 32ആം മിനിറ്റിൽ രണ്ടാം ഗോളും നേടി ആതിഥേയർ ലീഡ് വർദ്ധിപ്പിച്ചു. ആദ്യ പകുതിയിൽ ഗോൾ തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു.

രണ്ട് ഗോൾ പിന്നിട്ട് നിന്നതോടെ കെസിറോൺ കിസിത്തോയ്ക്ക് പകരം ഫ്രഞ്ച് താരം സിറിൽ കാലിയെ ഇറക്കിയാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. പിന്നീട് ഗോളിനായി ആക്രമിച്ച് കളിച്ചതോടെ ജംഷഡ്പൂർ ഗോൾ നിരവധി ബ്ലാസ്റ്റേഴ്സ് മുന്നേറ്റം ഇരച്ച് കയറിയെത്തി. അതിനിടെ സ്ലാവിയ സ്റ്റൊയനോവിച്ചിനെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റി മിസാക്കിയത് ടീമിന് തിരിച്ചടിയായി.

എന്നാൽ പതറാതെ പോരാടിയ ബ്ലാസ്റ്റേഴ്സ് 71ആം മിനിറ്റിൽ ആദ്യ ഗോളുമായി കളം നിറഞ്ഞു. പകരക്കാരനായി ഇറങ്ങിയ സെമിൻലെൻ ദുംഗൽ നൽകിയ പന്ത് ജംഷഡ്പുർ പോസ്റ്റിലേക്ക് മിന്നൽ പോലെ പായിച്ച് സ്ലാവിസ സ്റ്റൊയനോവിച്ച് തന്നെയാണ് ആദ്യ ഗോൾ സ്വന്തമാക്കിയത്. പിന്നാലെ 86ആം മിനിറ്റിൽ സമനില ഗോൾ നേടി വിനീതും വിജയത്തിനൊത്ത സമനിലയിൽ നിർണായക പങ്കുവഹിച്ചു.