pinarayi-vijayan

കൊച്ചി : ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഇടയ്‌ക്കിടെ കേരളത്തിലെത്തുന്നത് കലാപമുണ്ടാക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. എറണാകുളം ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അമിത് ഷായുടെ വാക്കുകൾ കേട്ട് സംഘപരിവാർ തുള്ളാൻ നിന്നാൽ ഫലം അവർ അനുഭവിക്കേണ്ടി വരും. അമിത് ഷാ മനസിലുള്ള പല ആഗ്രഹങ്ങളും നടത്തിയെടുത്തിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. എന്നാൽ, അതിന് പറ്റിയ മണ്ണല്ല കേരളം. എസ്.എൻ.ഡി.പിയെ കൂട്ടി സമരത്തിനിറങ്ങുമെന്ന ബി.ജെ.പിയുടെ അവകാശവാദം യോഗം ജനറൽ സെക്രട്ടറി തള്ളി. എന്തെങ്കിലും കൊണ്ട് ഉരുട്ടി പരുത്തി കൊണ്ടു വച്ചതല്ല സർക്കാരെന്ന് അമിത് ഷാ ഓർക്കണം.

വിശ്വാസികൾക്ക് ശബരിമലയിൽ ഒരു പ്രശ്‌നവുമുണ്ടാകില്ല. അവർക്കൊപ്പമാണ് സർക്കാർ. പത്തും അമ്പതും വയസിനിടയിലുള്ളവരെല്ലാം ശബരിമലയിൽ പോകണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ്‌ത്രീകളാണ്. വിശ്വാസികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാൻ ശ്രമിച്ചാൽ തടയും. കലാപമുണ്ടാക്കാനുള്ള വ്യാമോഹം വേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ സർക്കാർ പുനപരിശോധനാ ഹർജി നൽകാത്തതെന്താണെന്നാണ് ചിലർ ചോദിക്കുന്നത്. ആരാധനാ കാര്യത്തിലടക്കം സ്ത്രീക്കും പുരുഷനും തുല്യ അവകാശം വേണമെന്നാണ് സർക്കാരിന്റെ അഭിപ്രായം. ശബരിമലക്കേസിൽ സുപ്രീം കോടതി സർക്കാരിന്റെ നിലപാട് ആരാഞ്ഞപ്പോൾ 2007ലെ ഇടത് സർക്കാർ ഇതേ നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യം പഠിക്കാൻ ഹിന്ദുമത ധർമശാസ്ത്രത്തിൽ പാണ്ഡിത്യമുള്ളവരുടെ സമിതി ഉണ്ടാക്കണമെന്നും നിർദ്ദേശം വച്ചിരുന്നു. ഇക്കാര്യത്തിൽ നിയമനിർമാണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇപ്പോൾ കോടതി വിധി വന്നപ്പോൾ വാക്കുമാറാൻ സർക്കാരിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.