ജമ്മു: പാക് അധിനിവേശ കാശ്മീരിലെ പട്ടാളത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് ആസ്ഥാനം ഇന്ത്യൻ സേന ആക്രമിച്ചു. ഒക്ടോബർ 23ന് ഇന്ത്യയുടെ സൈനിക കേന്ദ്രത്തിനു നേർക്ക് നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണിത്.
നിയന്ത്രണ രേഖയിൽ നിന്ന് ഇരുപതു കിലോമീറ്ററോളം അകലെയുള്ള ഹജിറ നഗരത്തിലെ കേന്ദ്രത്തിന് കനത്ത നാശനഷ്ടം വിതച്ചു. രണ്ടു ഭീകരതാവളങ്ങളും ആക്രമണത്തിൽ തകർത്തായി ഇന്റലിജൻസ് കേന്ദ്രങ്ങൾ സൂചന നൽകി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. പ്രതിരോധിക്കാൻ പാക് പട്ടാളം തയ്യാറായില്ല.
ജനവാസ മേഖലയെ ബാധിക്കാത്ത വിധത്തിൽ ലക്ഷ്യകേന്ദ്രങ്ങളിലേക്കുമാത്രമായിരുന്നു ആക്രമണം. ഈ മേഖലയിൽ വിമുക്തഭടൻമാരെയും മറ്റുമാണ് പാക് പട്ടാളം താമസിപ്പിച്ചിരിക്കുന്നത്.
അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ചാൽ തിരിച്ചടിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഈ മാസം ആദ്യം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പരസ്യമായി പറഞ്ഞിരുന്നു. സെപ്റ്റംബർ 18ന് പാക് പട്ടാളം ബി. എസ്. എഫ് ഭടൻ നരേന്ദ്ര കുമാറിനെ തട്ടിക്കൊണ്ടുപോയി കൊന്ന് കഴുത്തറുത്ത് പ്രദർശിപ്പിച്ചിരുന്നു. ഇതിനും തക്കതായ തിരിച്ചടി നൽകിയിട്ടുണ്ടെന്നാണ് ഇന്ത്യ പ്രതികരിച്ചത്.