തിരുവനന്തപുരം :ചാക്ക ഐ.ടി.ഐയിൽ വിദ്യാർത്ഥികൾ തമ്മിൽ നടന്ന സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ഒന്നാം വർഷ എ.സി ടെക്നീഷ്യൻ വിദ്യാർത്ഥിയായ വെട്ടുകാട് സ്വദേശി ആദിത്യനാണ്(19)കുത്തേറ്റത്. ഇയാൾ എസ്.എഫ്.ഐ പ്രവർത്തകനാണെന്നാണ് വിവരം.തിങ്കളാഴ്‌ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. ചികിത്സയ്ക്കായി ആദിത്യനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇരു സംഘങ്ങളും തമ്മിൽ വീണ്ടും ഏറ്റുമുട്ടി. കുത്തിയ സംഘത്തിലെ രണ്ട് വിദ്യാർത്ഥികളും ഇവിടെ ചികിത്സ തേടിയെത്തിയെത്തിരുന്നു. ഇരും കൂട്ടരും നേർക്കുനേർ കണ്ടതോടെയാണ് വീണ്ടും സംഘട്ടനം ഉണ്ടായത്.
സംഘർഷത്തെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വിദ്യാർത്ഥികളെ കസ്‌റ്റഡിയിലെടുത്തു. ആദിത്യന്റെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഏറെ നാളായി ഇവിടെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ തുടർച്ചയാണ് കത്തിക്കുത്തിൽ കലാശിച്ചത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിലെത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കോളജിലെ പ്രശ്നങ്ങളെത്തുടർന് രണ്ടാഴ്ചയായ സസ്‌പെൻഷനിലായിരുന്ന വിദ്യാർത്ഥികൾ കോളജിലെത്തിയപ്പോൾ ആദിത്യനും സംഘവുമായുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ആദിത്യന്റെ വാരിയെല്ലിനു താഴെയാണ് കുത്തേറ്റത്. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വധേയനാക്കി. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി.മുരളി, വി.എസ് പത്മകുമാർ എന്നിവർ ആദിത്യനെ സന്ദർശിച്ചു.