oommen-chandy

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വലിച്ച് താഴെയിടാൻ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെ ആവശ്യമില്ലെന്നും അതിന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ശബരിമല വിഷയത്തിൽ അമിത് ഷാ എരിതീയിൽ എണ്ണ ഒഴിക്കുകയാണ്. കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കി പ്രശ്നം പരിഹരിക്കുമെന്ന് അദ്ദേഹം പറയും എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

പോസ്‌റ്റിന്റെ പൂർണരൂപം

ശബരിമല വിഷയത്തിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ എരിതീയിൽ എണ്ണ ഒഴിക്കുകയാണ്. സർക്കാരിനെ വലിച്ചു താഴെയിടാൻ അദ്ദേഹത്തിന്റെ ആവശ്യമില്ല. കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കി പ്രശ്നം പരിഹരിക്കുമെന്ന് അദ്ദേഹം പറയും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ജനങ്ങൾക്കറിയാം, ജനാധിപത്യ മാർഗ്ഗത്തിലൂടെ അവർ അത് നോക്കും.

ശബരിമല യുവതി പ്രവേശന വിഷയത്തിന്റെ പേരിൽ നാട്ടിൽ കലാപം ഉണ്ടാക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്. സമാധാനപരമായി സമരം ചെയ്യുന്നവരെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണം. ശബരിമലയിൽ പോകുന്ന വിശ്വാസികളെ വരെ അറസ്റ്റ് ചെയ്യുന്ന സമീപനമാണ് പിണറായി സർക്കാരിന്റേത്. എന്തുവിലകൊടുത്തും യു.ഡി.എഫ് ഇതിനെ ചെറുക്കും. വിശ്വാസികളെ പോലും അറസ്‌റ്റ് ചെയ്യുന്നത് അവർ ഇനി അങ്ങോട്ട് പോകാതിരിക്കാനാണ്. ഇക്കാര്യത്തിൽ യു.ഡി.എഫ് കൈയ്യും കെട്ടി നോക്കി നിൽക്കില്ല. സി.പി.എമ്മിന്റെ മുന്നിൽ അടിയറവയ്ക്കാനല്ല ബ്രിട്ടീഷുകാരോട് പോരാടി സ്വാതന്ത്ര്യം നേടിയെടുത്തത്.

ബി.ജെ.പി ശബരിമലയിൽ അക്രമം കാണിക്കുന്നതിനു പകരം കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടത്. വിശ്വാസികൾക്കൊപ്പമാണ് യു.ഡി.എഫ്, അതേസമയം അക്രമത്തോട് സന്ധിയുമില്ല.