തൃശൂരിനെക്കുറിച്ച് പറഞ്ഞാൽ മനസിൽ ഓടിയെത്തുക വർണക്കുട നിവർത്തിയ പൂരമാണ്. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമാണ് തൃശൂർ. ത്രിശിവപേരൂരാണ് പിന്നീട് തൃശൂരായി മാറിയത്. കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു തൃശൂർ നഗരം. രാമവർമ്മ ശക്തൻ തമ്പുരാനാണ് തൃശൂർ നഗരത്തിന്റെ ശില്പി.
തേക്കിൻകാട് മൈതാനം
വടക്കുംനാഥ ക്ഷേത്രത്തിന് ചുറ്റും പരന്നുകിടക്കുന്ന വലിയ മൈതാനം. ഇതിനെ ചുറ്റിയാണ് സ്വരാജ് റൗണ്ട് ഉള്ളത്. തൃശൂർ പൂരത്തിന് കുടമാറ്റം, വെടിക്കെട്ട് എന്നിവ നടക്കുന്നതിവിടെയാണ്. വലിയ സമ്മേളനങ്ങളോ , പ്രദർശനങ്ങളോ ഒക്കെ തേക്കിൻകാട് മൈതാനത്ത് നടത്താറുണ്ട്.
സ്വരാജ് റൗണ്ട്
ഒരു മൈതാനത്തിനു ചുറ്റുമുള്ള വഴികളിൽ ഇന്ത്യയിൽതന്നെ രണ്ടാം സ്ഥാനം (ഒന്നാം സ്ഥാനം ഡൽഹിയിലെ കൊണാട്ട് പ്ളേസിനെ വലയം ചെയ്തിരിക്കുന്ന പാതയാണ്.) ഒൻപത് പ്രധാനനദികൾ ചേരുന്നത് ഇവിടെയാണ്.
ഇലഞ്ഞിത്തറമേളം
തൃശൂർ പൂരത്തിന്റെ സംഗീതമാണ് ഇലഞ്ഞിത്തറമേളം. പാറമേക്കാവ്, അവതരിപ്പിക്കുന്ന ഏകദേശം രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പാണ്ടിമേളമാണ് ഇലഞ്ഞത്തറയിൽ അവതരിപ്പിക്കുക. വടക്കുംനാഥ ക്ഷേത്രത്തിന്റെ മതിൽകെട്ടിനുള്ളിലെ ഇലഞ്ഞിമരത്തിനടിയിലാണ് മേളം നടക്കുക.
തെക്കോട്ടിറക്കം
മേളത്തിനുശേഷം പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ വടക്കുംനാഥക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തിലൂടെ തേക്കിൻകാട് മൈതാനത്തേക്ക് പ്രവേശിക്കുന്ന ചടങ്ങാണ് തെക്കോട്ടിറക്കം.
കുടമാറ്റം
തെക്കോട്ടിറങ്ങിയതിനുശേഷം മുഖാമുഖമായി നിൽക്കുന്ന ഭഗവതിമാർ വർണക്കുടകൾ ഉയർത്തി മത്സരിക്കുന്നതാണ് കുടമാറ്റം.
വെടിക്കെട്ട്
പൂരത്തിന്റെ ആഘോഷമാണ് വെടിക്കെട്ട്. വെളുപ്പിന് തുടങ്ങുന്ന വെടിക്കെട്ട് ദൃശ്യ, ശബ്ദ വിസ്മയം തീർക്കുന്നതാണ്. തൃശൂർപൂരത്തിന്റെ വെടിക്കെട്ടുകൾ. എന്നാൽ പരിസരവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ പരിഷ്കാരങ്ങൾ ഇതിൽ വന്ന് ചേർന്നിട്ടുണ്ട്. പൂരത്തിന് മുൻപ് തേക്കിൻകാട് മൈതാനത്ത്നടക്കുന്ന വാണിജ്യപ്രദർശനമാണ് പൂരപ്രദർശനം.
ഗുരുവായൂർ
തീർത്ഥാടനത്തിന് പേരുകേട്ട നഗരസഭയാണ് ഗുരുവായൂർ. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിനാൽ പ്രസിദ്ധമായ സ്ഥലം. ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തിയതിനാലാണ് ഗുരുവായൂർ എന്നു പേര് ക്ഷേത്രത്തിന് വന്നത്. ക്ഷേത്രം നിലനിൽക്കുന്നസ്ഥലത്തിനും അതേ പേരുതന്നെ വന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കുുള്ള ഹൈന്ദവ ദേവാലയങ്ങളിലാെന്ന്. ശ്രീകൃഷ്ണന്റെ രൂപത്തിലുള്ള പ്രതിഷ്ഠ നിർമ്മിച്ചിരിക്കുന്നത് അഞ്ജനം എന്ന വിശേഷപ്പെട്ട കല്ലുകൊണ്ടാണ്.
കൊടുങ്ങല്ലൂർ
പുരാതന പട്ടണം, കേരള ചരിത്രത്തിൽ എന്നും ഒാർമ്മിക്കപ്പെടുന്ന, സുപ്രധാനമായ സ്ഥാനമുള്ള പട്ടണം. മഹോദയപുരം, കോകനൂർ, മകോതൈ, മുസിരിസ്, മുചിരി എന്നിവയൊക്കെ ഇതിന്റെ പഴയ പേരുകളാണ്. പ്രശസ്ത തുറമുഖമായിരുന്ന കൊടുങ്ങല്ലൂർ തുറമുഖം 1342 ലെ പെരിയാർ വെള്ളപ്പൊക്കത്തിൽ നാമാവശേഷമാവുകയും അതിനുശേഷമാണ് കൊച്ചി തുറമുഖം ഉയർന്നുവന്നതെന്നുമാണ് ചരിത്രം പറയുന്നത്. ജൂത-ക്രൈസ്തവ -ഇസ്ളാം മതക്കാരുടെ ആദ്യ സങ്കേതമായിരുന്നു ഇവിടം.
ചേരമാൻ ജുമാ മസ്ജിദ്
ഇന്ത്യയിലെ ആദ്യത്തെ മുസ്ളിം പള്ളി. കൊടുങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്ന ഇത് മാലിക് ഇബ് നുദിനാർ ആണ് നിർമ്മിച്ചത്. എ.ഡി 629 ലാണ് ഇൗ പള്ളി നിർമ്മിക്കപ്പെട്ടത്.
വടക്കുംനാഥ ക്ഷേത്രം
നഗരഹൃദയഭാഗത്ത് തേക്കിൻമൂട് മൈതാനത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രശസ്ത ശിവക്ഷേത്രം. ശക്തൻ തമ്പുരാന്റെ കാലത്താണ് ഇന്ന് കാണുന്ന രീതിയിൽ ക്ഷേത്രം പണിതത്. നഗരത്തിൽ വരുന്ന ഒരാൾക്ക് ഇൗ ക്ഷേത്രത്തിന് മുന്നിലൂടെയല്ലാതെ കടന്നുപോകാൻ കഴിയില്ല. ദക്ഷിണ കൈലാസം എന്ന അപരനാമത്തിലുള്ള ക്ഷേത്രം കേരളത്തിലെ 108 ശിവക്ഷേത്രത്തിൽ ഒന്നാംസ്ഥാനം അലങ്കരിക്കുന്നു. ശുദ്ധമായ പശുവിൻ നെയ്യിലാണ് ഇവിടെ അഭിഷേകം.
പാറമേക്കാവ് ക്ഷേത്രം
വടക്കുംനാഥ ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്നു. പാറമേൽ ഉണ്ടായ കാവ് ആയിരുന്നിരിക്കണം പാറമേക്കാവ് ആയതെന്നാണ് വിശ്വാസം. ഭഗവതിയുടെ പ്രതിഷ്ഠയാണ് ഇവിടെ. ഭഗവതിയുടെ മൂലസ്ഥാനം ഇലഞ്ഞിയാണ്. അതുകൊണ്ടാണ് തൃശൂർപൂരത്തിൽ ഇലഞ്ഞിത്തറമേളം ഇലഞ്ഞിയുടെ ചുവട്ടിൽ വച്ചുനടത്തുന്നത്.
വിലങ്ങൻകുന്ന്
അടാട്ട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാരകേന്ദ്രം. 80 മീറ്ററോളം പൊക്കമുള്ള ഇൗ കുന്നിൽനിന്നും നോക്കിയാൽ തൃശൂരിന്റെ നഗരസൗന്ദര്യം കാണാം. ഏത് കോണിൽ നിന്ന് നോക്കിയാലും വിലങ്ങനെ കാണുന്നതിനാലാണ് ഇൗ കുന്നിന് വിലങ്ങൻകുന്ന് എന്ന് പേര് വരാൻ കാരണം.
കോൾനിലങ്ങൾ
കേരളത്തിൽ ആലപ്പുഴ, തൃശൂർ, മലപ്പുറം ജില്ലകളിൽ കാണപ്പെടുന്ന വയൽ പ്രദേശങ്ങൾ. സമുദ്രനിരപ്പിൽ നിന്നും താഴെ സ്ഥിതി ചെയ്യുന്ന വയൽ പ്രദേശങ്ങളാണിത്. കോൾപാടം എന്നും ഇതറിയപ്പെടുന്നു. തൃശൂർ, മുകുന്ദപുരം, ചാവക്കാട് താലൂക്കുകളിലെ കോൾപാടങ്ങളെ തൃശൂർ കോൾ നിലങ്ങൾ എന്ന് വിളിക്കുന്നു. തലപ്പിള്ളി, പൊന്നാനി കോൾനിലങ്ങളെ പൊന്നാനി കോൾനിലം എന്ന് വിളക്കിന്നു. ഫലഭൂയിഷ്ഠമായ മണ്ണ് അടിഞ്ഞുകൂടുന്ന ഇവിടം പ്രധാന നെല്ല് ഉത്പാദന കേന്ദ്രമാണ്. ജൈവവ്യവസ്ഥയിലും സമ്പന്നമാണ് കോൾനിലങ്ങൾ. മഴക്കാലത്ത് പൊക്കാളി കൃഷി ചെയ്യുന്നു.
പീച്ചി അണക്കെട്ട്
ജലസേചനം, ശുദ്ധജല വിതരണം എന്നിവയ്ക്കായി നിർമ്മിച്ച അണക്കെട്ട്. മണലിപ്പുഴയുടെ കുറുകെയാണ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്.
ചിമ്മിനി വന്യജീവിസങ്കേതം
മുകുന്ദപുരം താലൂക്കിൽ 1984 ൽ സ്ഥാപിതമായത്. പശ്ചിമഘട്ടത്തിലെ നെല്ലിയാമ്പതി മലയുടെ പടിഞ്ഞാറേ ചെരുവിൽ സ്ഥിതിചെയ്യുന്നു. എച്ചിപ്പാറ എന്ന സ്ഥലത്താണ് ഇൗ വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം.
പീച്ചി-വാഴാനി വന്യജീവി സങ്കേതം
പാലപ്പിളി-നെല്ലിയാമ്പതി വനമേഖലകൾ ഉൾപ്പെടുന്നു. 1958 ലാണ് സ്ഥാപിതമായത്.
സാംസ്കാരിക തലസ്ഥാനം
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത് തൃശൂരാണ്. സാംസ്കാരികപരമായി പ്രാധാന്യമുള്ള സ്ഥലമായതിനാലാണ് ഇങ്ങനെ അറിയപ്പെടാൻ കാരണം.
പുത്തൻപള്ളി
ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ദേവാലയമാണ് വ്യാകുലമാതാവിന്റെ ബസലിക്ക എന്ന പേരുള്ള പുത്തൻപള്ളി. ഉയരത്തിൽ ഏഷ്യയിൽ മൂന്നാം സ്ഥാനമാണിതിന്. 260 അടി ഉയരമുള്ള ബൈബിൾ ടവർ പള്ളിയുടെ പ്രത്യേകതയാണ്. ക്രിസ്ത്യാനികൾക്ക് വേണ്ടി ശക്തൻ തമ്പുരാനാണ് പള്ളി പണിയുന്നതിന് അനുമതി നൽകിയത്.
തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം
അതിപുരാതന ക്ഷേത്രങ്ങളിലൊന്ന്. ടിപ്പുവിന്റെ പടയോട്ടകാലം മുതലാണ് ക്ഷേത്രത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ഭഗവതിയായിരുന്നു ഇവിടത്തെ പ്രതിഷ്ഠ എന്ന് ചരിത്രത്തിൽ പറയുന്നു. ടിപ്പുവിന്റെ പടയോട്ട സമയത്ത് എടക്കളത്തൂർ എന്ന സ്ഥലത്തുനിന്ന് ശാന്തിക്കാരൻ എടുത്ത് കൊണ്ടോടിയ കൃഷ്ണ വിഗ്രഹമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.
തൃശൂർ പൂരം
തൃശൂരിനെ ലോകപ്രശസ്തമാക്കിയ ഉത്സവം. 200 വർഷത്തെ പാരമ്പര്യം ഉള്ള പൂരം തുടങ്ങിയത് ശക്തൻതമ്പുരാനായിരുന്നു. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർ പൂരം ആഘോഷിക്കുക. പൂരം കാണാൻ വിദേശികളടക്കം വലിയ ഒരു ജനസഞ്ചയം തന്നെ ഇവിടെയെത്താറുണ്ട്.പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളാണ് പ്രധാന പങ്കാളികൾ. അതുകൊണ്ടുതന്നെ പൂരത്തിന് ഇവർക്ക് മാത്രമായി ചില പ്രത്യേക അവകാശങ്ങളുണ്ട്.
പന്തലിടാനും വെടിക്കെട്ട്, കുടമാറ്റം എന്നിവ നടത്താനും ഇവർക്ക് മാത്രമേ അവകാശമുള്ളു. എട്ട് ചെറു പൂരങ്ങൾ ചേരുന്നതാണ് തൃശൂർ പൂരം. പ്രധാന ചടങ്ങുകളായ ഇലഞ്ഞിത്തറമേളം, കുടമാറ്റം, തെക്കോട്ടിറക്കം എന്നിവ വടക്കുംനാഥന്റെ പരിസരത്താണ് നടക്കുക.
നദികൾ
ചാലക്കുടിപ്പുഴ
മത്സ്യങ്ങളുടെ വൈവിധ്യത്തിൽ ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന പുഴ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും ജൈവ വൈവിധ്യമാർന്ന പുഴയും. തൃശൂരിലെ ചാലക്കുടി പട്ടണത്തിലൂടെ ഒഴുകുന്നതിലാണ് പുഴയ്ക്ക് ഇൗ പേര് വന്നത്. തൃശൂർ, എറണാകുളം ജില്ലകളിലൂടെ ഒഴുകുന്ന പുഴ ആനമല നിരകളിൽ നിന്ന് ഉത്ഭവിച്ച് അറബിക്കടലിൽ ചേരുന്നു. ഒാക്സ്ബൊ എന്ന അപൂർവ തടാകം ഇൗ പുഴയിലുണ്ട്.
കരുവന്നൂർപുഴ
കുറുമാലിപ്പുഴയും മണലിപ്പുഴയും ചേർന്നാണ് കരുവന്നൂർ പുഴയാകുന്നത്. തൃശൂർ ജില്ലയിലെ കോൾമേഖലയുടെ പ്രധാന ജലസ്രോതസാണിത്. ഇൗ പുഴ രണ്ടായി പരിഞ്ഞ് ഒരുഭാഗം ചേറ്റുവാ കായലിലും മറ്റൊന്ന് പെരിയാറ്രിലും ചേരുന്നു.
ഒാക്സ്ബോ തടാകം
പുഴകൾ ഗതിമാറി ഒഴുകുന്നത് കാരണം ഒറ്റപ്പെടുന്ന ഭാഗം ക്രമേണ പുതിയ കരയായി മാറുകയും അതിനെ ചുറ്റുന്ന പുഴയുടെ ഭാഗം ഒക്സ്ബോ തടാകമായി മാറുന്നു. ബീഹാർ, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ മാത്രമാണ് ഇന്ത്യയിൽ ഒാക്സ്ബോ തടാകങ്ങളുള്ളത്.
കുറുമാലിപ്പുഴ
ചിമ്മിണി വന്യജീവി സങ്കേതത്തിൽ നിന്നും ഉത്ഭവിക്കുന്നു. അതിനാൽ ചിമ്മിനിപ്പുഴ എന്നും ഇത് അറിയപ്പെടുന്നു. ചിമ്മിനിപ്പുഴയ്ക്ക് കുറുകെ ചിമ്മിനി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നു.
അതിരപ്പള്ളി വെള്ളച്ചാട്ടം
ചാലക്കുടിപ്പുഴയിൽ സ്ഥിതിചെയ്യുന്ന 24 മീറ്റർ ഉയരമുള്ള വെള്ളച്ചാട്ടം. ജൈവസമ്പത്തിന്റെ കലവറയാണ് ഇൗ വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ. നിബിഡ വനങ്ങൾ ഇവിടെയുണ്ട്.
വാഴച്ചാൽ വെള്ളച്ചാട്ടം
ചാലക്കുടിപ്പുഴയുടെ തന്നെ ഭാഗമായ വെള്ളച്ചാട്ടം അതിരപ്പള്ളിയിൽനിന്ന് 5 കി.മീ അകലെയായി സ്ഥിതി ചെയ്യുന്നു.
ഷോളയാർ വനങ്ങളുടെ ഭാഗമായ ഇൗ രണ്ട് വെള്ളച്ചാട്ടങ്ങളും.
ചാർപ്പ വെള്ളച്ചാട്ടം
അതിരപ്പള്ളിക്കും വാഴച്ചാലിനുമിടയിൽ ചാലക്കുടിപ്പുഴയുടെ പോഷക നദിയിൽ സ്ഥിതി ചെയ്യുന്നു. വേനൽക്കാലത്ത് ഇത് വറ്റിപ്പോകാറുണ്ട്.
തുമ്പൂർമുഴി തടയണ
തുമ്പൂർമുഴി എന്ന ഗ്രാമം ചാലക്കുടിപ്പുഴയുടെ തീരത്താണ്. ചാലക്കുടി ജലസേചന പദ്ധതിയുടെ ഭാഗമായി തുമ്പൂർമുഴി എന്ന ഗ്രാമത്തിൽ നിർമ്മിച്ചിരിക്കുന്ന തടയണയാണ് ഇവിടത്തെ പ്രത്യേകത. ഇത് ഒരു ചെറിയ വെള്ളച്ചാട്ടത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു. തടയണയോട് ചേർന്ന് കുട്ടികൾക്കുള്ള കളിസ്ഥലവും ഒരു പൂന്തോട്ടവും ഉണ്ട്. ഇവിടെ ധാരാളം ശലഭങ്ങളെ കാണാൻ കഴിയും.
പ്രധാന സ്ഥാപനങ്ങൾ
കേരള കാർഷിക സർവകലാശാല-മണ്ണുത്തി
കേരള വനം ഗവേഷണ കേന്ദ്രം-പീച്ചി
കേരള കലാമണ്ഡലം - ചെറുതുരുത്തി
കേരള സാഹിത്യ അക്കാഡമി
കേരള സംഗീത നാടക അക്കാഡമി
കേരള ലളിതകല അക്കാഡമി
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്
പഞ്ചകർമ്മ - ചെറുതുരുത്തി
കാഷ്യു റിസർച്ച് സെന്റർ - മാടക്കത്തറ
അഗ്രോണമിക് റിസർച്ച് സ്റ്റേഷൻ-ചാലക്കുടി
ഒൗഷധി
വാഴ ഗവേഷണ കേന്ദ്രം- കണ്ണാറ
കോസ്റ്റ് ഫോർഡ്
തൃശൂർ കോർപറേഷൻ പ്രത്യേകതകൾ
കേരളത്തിൽ കടൽത്തീരമില്ലാത്ത ഏക കോർപറേഷൻ
സ്വന്തമായി വൈദ്യുതി വിതരണം ചെയ്യുന്ന ഏക കോർപറേഷൻ
കെ.എസ്.ഇ.ബിയുടെ ചുമതലയില്ലാത്ത ഏക കോർപ്പറേഷൻ