കാളിദാസ് ജയറാമിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മിസ്റ്റർ ആൻഡ് മിസ് റൗഡി എന്ന് പേരിട്ടു. ഇതിന്റെ ഷൂട്ടിംഗ് കഴിഞ്ഞയാഴ്ച പൂർത്തിയായിരുന്നു. ഒറ്റ ഷെഡ്യൂളിൽ 42 ദിവസമായാണ് ഷൂട്ടിംഗ് നടന്നത്. പൂമരത്തിന് ശേഷം കാളിദാസ് നായകനാകുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. ശ്രീഗോകുലം മൂവീസ്, വിന്റേജ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേർന്നാണ് നിർമ്മാണം.
ക്വട്ടേഷൻ സംഘത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ ജീവിതമാണ് ഇതിവൃത്തം. സായികുമാർ, വിജയരാഘവൻ, ഷഹീൻ സിദ്ധിഖ്, ജോയ് മാത്യു, എസ്തർ, ഗണപതി, ഭഗത് മാനുവൽ, ഷെബിൻ ബെൻസൺ, ശരത് സഭ, വിജയ് ബാബു, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. സന്തോഷ് വർമ്മയുടെ വരികൾക്ക് ഈണം പകരുന്നത് അനിൽ ജോൺസൺ.
അതേസമയം കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് കാളിദാസ് ജയറാം. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, സന്തോഷ് ശിവന്റെ ജാക്ക് ആൻഡ് ജിൽ, അൽഫോൺസ് പുത്രന്റെ തമിഴ് ചിത്രം എന്നിവയാണ് കാളിദാസിന്റെ മറ്റ് പ്രോജക്ടുകൾ.