തിരുവനന്തപുരം: ഒരു വർഷത്തിനുശേഷം ഒരിക്കൽക്കൂടി നവംബറിൽ വിരുന്നെത്തുന്ന ക്രിക്കറ്റ് പൂരത്തിന് കാര്യവട്ടം സ്പോർട്സ് ഹബ്ബ് സജ്ജം.നാളെക്കഴിഞ്ഞാൽ സ്പോർട്സ് ഹബ്ബിലെ പച്ചപ്പുൽമൈതാനം വിരാട് കോഹ്ലിയുടെ ഇന്ത്യയും ജേസൺ ഹോൾഡറുടെ വെസ്റ്റിൻഡീസും തമ്മിലുള്ള ഏകദിന പോരാട്ടത്തിന് സാക്ഷിയാകും. പരമ്പരയിലെ വിജയിയെ തീരുമാനിക്കുന്ന നിർണായക മത്സരം എന്ന നിലയിൽ കാര്യവട്ടം ഏകദിനത്തിന് വീറും വാശിയും ഏറും. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം.ഇരുടീമുകളും മുംബയിൽ നിന്ന് 9w9875 ചാർട്ടേർഡ് ജെറ്റ് എയർവേസിൽ ഇന്ന് ഉച്ചയ്ക്ക് 12.35ന് തിരുവനന്തപുരത്ത് എത്തും. വിമാനമിറങ്ങിയാൽ നേരെ താമസസ്ഥലത്തേക്ക്. കോവളം ലീലാ ഹോട്ടലിലാണ് ടീമുകളുടെ താമസം.നാളെ രാവിലെ ഒൻപതുമുതൽ 12വരെ വെസ്റ്റിൻഡീസ് ടീമും ഉച്ചകഴിഞ്ഞ് രണ്ടുമുതൽ അഞ്ചുവരെ ഇന്ത്യൻ ടീമും സ്റ്റേഡിയത്തിൽ പരിശീലനം നടത്തും.
ഇന്ത്യൻ ടീമിന് കടൽവിഭവങ്ങൾ; വിൻഡീസിന് കോക്കനട്ട് സ്പെഷ്യൽ
ഇന്ത്യ, വെസ്റ്റിൻഡീസ് ടീമുകൾക്ക് കോവളം റാവീസ് ലീലയിൽ ഒരുക്കുന്നത് വൻ സജ്ജീകരണങ്ങൾ. കേരളത്തിന്റെ അതിഥേയത്വത്തിൽ ടീമംഗങ്ങൾ പൂർണ സന്തോഷവാന്മാരാകണമെന്ന നിഷ്കർഷയിലാണ് ഹോട്ടൽ മാനേജ്മെന്റ്. താരങ്ങളുടെയും ടീം ഒഫിഷ്യൽസിന്റെയും ക്രിക്കറ്റ് ബോർഡുകളുടെയും താത്പര്യത്തിനനുസരിച്ചുള്ള താമസ, ഭക്ഷണ, വിനോദ ക്രമീകരണങ്ങളാണ് തയ്യാറായിട്ടുള്ളത്.ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ഹോട്ടലിൽ എത്തുന്ന താരങ്ങൾക്ക് കേരളീയ ശൈലിയിൽ ഹോട്ടൽ മാനേജ്മെന്റ് സ്വീകരണമൊരുക്കും. കളിക്കാർക്കും ടീം മാനേജ്മെന്റ് അംഗങ്ങൾക്കുമായി 80 മുറികളാണ് രണ്ടു ബ്ലോക്കുകളിലായി മാറ്റിവച്ചിട്ടുള്ളത്. ഐ.സി.സിയുടെയും ബി.സി.സി.ഐയുടെയും സുരക്ഷാ നിർദ്ദേശമനുസരിച്ച് ഇരുടീമുകളും ഹോട്ടലിൽ വച്ച് പരസ്പരം കാണില്ല. പ്രത്യേക ബ്ലോക്കുകളിലാണ് താമസമൊരുക്കിയിട്ടുള്ളത്. ഇന്ത്യൻ ടീമിന് ബീച്ച് വ്യൂ സൈഡും, വിൻഡീസിന് ഗാർഡൻ വ്യൂ സൈഡും.
ടീമുകൾക്കായി പ്രത്യേക ജിംനേഷ്യം, റസ്റ്റോറന്റ്, സ്വിമ്മിംഗ് പൂൾ, റിസപ്ഷൻ എന്നിങ്ങനെയാണ് ഒരുക്കിയിട്ടുള്ളത്.റാവീസ് ഗ്രൂപ്പിന്റെ നാല് ഹോട്ടലുകളിൽനിന്നായി തിരഞ്ഞെടുത്ത 40 വിദഗ്ദ്ധ ഷെഫുമാരാണ് എക്സിക്യുട്ടീവ് ഷെഫ് സഞ്ജയിന്റെ നേതൃത്വത്തിൽ ഭക്ഷണമൊരുക്കുന്നത്. കടൽമത്സ്യങ്ങളും പ്രത്യേക ഇറച്ചി വിഭവങ്ങളുമാണ് ഇന്ത്യൻ ടീമിന് തയ്യാറാക്കുന്നത്. ഞണ്ട് വിഭവങ്ങൾ, ആവാടുതുറ ഞണ്ട് പെരട്ട് കറി, തനത് കേരള വിഭവങ്ങൾ എന്നിവ മെനുവിലെ പ്രത്യേകതയാണ്. ഇതിനുപുറമേ ഒരു രഹസ്യ വിഭവവും ഒരുക്കും. ഇത് ടീമിന് സസ്പെൻസ് ആയിരിക്കുമെന്ന് ഹോട്ടൽ അധികൃതർ പറയുന്നു. ഓരോ കളിക്കാരുടെയും ഡയറ്റിന് അനുസരിച്ചുള്ള പ്രത്യേക ഭക്ഷണവും ഒരുക്കും. കളിക്കാർക്കു നൽകുന്ന വെള്ളത്തിന്റെ ചൂടും തണുപ്പും വരെ ക്രമീകരിച്ചിട്ടുണ്ട്. ഇതിനായി ബി.സി.സി.ഐയുടെ നിർദേശങ്ങളടങ്ങിയ ചാർട്ട് ഹോട്ടലിന് ലഭിച്ചിട്ടുണ്ട്.വെസ്റ്റിൻഡീസ് ടീമിന് കടൽ വിഭവങ്ങളും, തനത് കേരള വിഭവങ്ങളും തേങ്ങ ഉപയോഗിച്ചുകൊണ്ടുള്ള വിഭവങ്ങളുമാണ് തയ്യാറാക്കുന്നത്. സ്പൈസി ഫുഡും വെസ്റ്റിൻഡീസിലെ തദ്ദേശീയ ഭക്ഷണവും ഇതിനൊപ്പം ഒരുക്കും. ടീമുകൾ ആവശ്യപ്പെടുന്ന മറ്റു ഭക്ഷണവും തയ്യാറാണെന്ന് ഹോട്ടൽ മാനേജ്മെന്റ് പറഞ്ഞു. കാര്യവട്ടത്ത് സ്റ്റേഡിയത്തിലെ പരിശീലനത്തിനിടയിലെ ഭക്ഷണവും റാവീസ് തന്നെയാണ് തയ്യാറാക്കുന്നത്.
കാണികൾക്ക് ഭക്ഷണം സ്റ്റേഡിയത്തിൽ തന്നെ
കാണികൾക്ക് ഭക്ഷണകാര്യത്തിൽ ബുദ്ധിമുട്ടേണ്ട. നമ്മുടെ പതിവ് ഭക്ഷണയിനങ്ങളെല്ലാം സ്റ്റേഡിയത്തിനകത്ത് റെഡിയാണ്. ചപ്പാത്തിയും ചായയും വടയുമെല്ലാം തുച്ഛമായ വിലയിൽ കിട്ടും. ജയിൽ വകുപ്പിന്റെയും കുടുംബശ്രീ, അയൽക്കൂട്ടം, മിൽമ എന്നിവയുടെയും നേതൃത്വത്തിൽ ഭക്ഷണ, പാനീയ കൗണ്ടറുകൾ പ്രവർത്തിക്കും. കഴിഞ്ഞ വർഷത്തേതു പോലെ സ്റ്റേഡിയത്തിന്റെ അപ്പർ ലെവൽ ഗാലറിയിൽ ജയിൽ വകുപ്പിന്റെ ഫുഡ് കോർട്ടുകൾ സജ്ജീകരിക്കും. ഗാലറിയുടെ ഇരുവശങ്ങളിലായി ആറു വീതം കൗണ്ടറുകളായിരിക്കും ഉണ്ടാവുക. ചപ്പാത്തി-ചിക്കൻകറി, ചപ്പാത്തി-വെജിറ്റബിൾ കറി എന്നിവയായിരിക്കും പ്രധാന ഭക്ഷണയിനം. സാധാരണ ജയിൽ ചപ്പാത്തി വിൽക്കാറുള്ള അതേ നിരക്ക് ആയിരിക്കും ഈടാക്കുക. ഇതിനുപുറമേ ലഘുഭക്ഷണമായി ഉഴുന്നുവട, ഉള്ളിവട, പഴംപൊരി, ഇലയട തുടങ്ങിയ വിഭവങ്ങളും കൗണ്ടറുകളിൽ ലഭിക്കും. സീറോ പ്ലാസ്റ്റിക് പ്രോട്ടോക്കോൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷണസാധനങ്ങൾ പൊതിയാൻ പ്ലാസ്റ്റിക് കവർ ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 11 മുതൽ കൗണ്ടർ സജ്ജമാകും. കളി തീരുന്നതുവരെ കൗണ്ടറിൽ ഭക്ഷണം ലഭിക്കും.
മൂന്ന് വയസിന് മുകളിലുള്ളവർക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ടിക്കറ്റ് നിർബന്ധം
ടിക്കറ്റ് ഓൺലൈൻ വഴി മാത്രം.
മൊബൈലിലോ ഇ മെയിലിലോ ലഭിക്കുന്ന ഇ-ടിക്കറ്റിലെ ക്യൂ ആർ കോഡോ ഇ-ടിക്കറ്റിന്റെ പ്രിന്റ് ഔട്ടിലെ ക്യൂ ആർ കോഡോ സ്കാൻ ചെയ്താണ് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനം
സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ടിക്കറ്റ് ബുക്ക് ചെയ്തയാളുടെ ഐ.ഡി പ്രൂഫ് നിർബന്ധമാണ്.ഗ്രൂപ്പ് ബുക്കിംഗിന് പ്രൈമറി ടിക്കറ്റ് ഹോൾഡറുടെ ഐ.ഡി പ്രൂഫിന്റെ കോപ്പി കാണിച്ച് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാം.രാവിലെ 10.30 നാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം തുടങ്ങുക.