തിരുവനന്തപുരം: 'എൻജിനിയറായ അച്ഛൻ. സ്നേഹമയിയായ അമ്മ, പഠിക്കാൻ വേണ്ടത്ര സൗകര്യങ്ങൾ... എന്തുകൊണ്ടും ഭാഗ്യവാനായിരുന്നു നിഖിൽ. മകന് വളരാൻ കരുതലും സ്നേഹവുമല്ല, മറിച്ച് പണം മാത്രമാണെന്ന മൂഢചിന്തയിൽ മദ്യപാനിയായ അച്ഛൻ എൻജിനിയർ രാമനാഥൻ ചോദിക്കുമ്പോഴെല്ലാം പണം നൽകി. ആവശ്യത്തിലധികം പണം കൈയിൽ വന്നതോടെ നിഖിലിന്റെ കൂട്ട് ലഹരിയോടായി. മകനോടുള്ള അമിത വാത്സല്യം അപകടമാണെന്ന നിഖിലിന്റെ അമ്മ ലക്ഷ്മിയുടെ മുന്നറിയിപ്പുകൾ രാമനാഥൻ ചിരിച്ചു തള്ളി. ഫലമോ അനിയന്ത്രിതമായി കിട്ടിയ പണവും സ്വാതന്ത്ര്യവും നിഖിലിനെ വഴിവിട്ട കൂട്ടുകെട്ടുകളിലെത്തിച്ചു. അതിലൂടെ ലഹരിയുടെ ലോകത്തേക്കും."
- നിഖിലിന്റെ കഥ കേൾക്കുന്നവർക്കെല്ലാം ഹൃദയത്തിൽ ഒരു വിങ്ങലുണ്ടാകുമെന്നതിൽ സംശയമില്ല. 'ഒരു മദ്യപാനിയുടെ ആത്മകഥ' എന്ന പേരിൽ ലഹരിക്കെതിരെ പൊലീസുകാർ തയ്യാറാക്കി അവതരിപ്പിക്കുന്ന നാടകത്തിലെ പ്രധാന കഥാപാത്രമാണ് നിഖിൽ. സംസ്ഥാനത്തെ വിവിധ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് നാടകത്തിന്റെ പ്രധാന പ്രേക്ഷകർ.
കൗമാരക്കാരായ കുട്ടികളിൽ വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗത്തെ ബോധവത്കരണത്തിലൂടെ ഇല്ലാതെയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒരു നാടകം തയ്യാറാക്കാൻ പൊലീസ് അധികൃതർ തീരുമാനിച്ചത്. ആശയത്തിന് ഉന്നതാധികാരികൾ പച്ചക്കൊടി കാട്ടി. എ.ഡി.ജി.പി സന്ധ്യയുടേതാണ് കഥയും ആശയവും. നാടകരംഗത്ത് പ്രശസ്തനായ അനിൽ കാരേറ്റ് നാടകം ആവിഷ്കരിച്ചു. അഭിനയിക്കാൻ താത്പര്യമുള്ള പൊലീസുകാരെ നാടകം പഠിപ്പിച്ചതോടെ 'ഒരു മദ്യപാനിയുടെ ആത്മകഥ' അരങ്ങിലെത്തി.
2017 അവസാനമായിരുന്നു നാടകത്തിന്റെ അരങ്ങേറ്റം. ഇപ്പോൾ 135ഓളം വേദികൾ വിജയകരമായി പൂർത്തിയാക്കി. ഇപ്പോഴും നാടകം അരങ്ങു തകർക്കുകയാണ്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരാണ് നാടകത്തിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. പ്രധാനമായും എട്ടുപേരാണ് അഭിനേതാക്കൾ. നുജുമുദീനാണ് (കമ്മിഷണർ ഓഫീസ്) നാടകത്തിന്റെ കോ - ഓർഡിനേറ്റർ. ഷറഫ് (സിറ്റി എ.ആർ ക്യാമ്പ് ), സുനിൽ (കമ്മിഷണർ ഓഫീസ്), സുഭാഷ് (കോട്ടയം സിറ്റി സ്റ്റേഷൻ), ആര്യ (പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ), സുധർമ്മൻ (പൊഴിയൂർ പൊലീസ് സ്റ്റേഷൻ), നിസാർ (കമ്മിഷണർ ഓഫീസ്), അജി (റൂറൽ എ.ആർ) എന്നിവരാണ് അഭിനേതാക്കൾ. പ്രാവീണ്യം നേടിയ നാടകക്കാരെ കവച്ചു വയ്ക്കുന്ന പ്രകടനമാണ് പൊലീസുകാരുടേതെന്ന് കാണികൾ ഒന്നടങ്കം പറയുന്നു. മയക്കുമരുന്നിന് അടിപ്പെട്ട് ജീവിതം ഹോമിക്കപ്പെട്ടവരുടെ നേർസാക്ഷ്യമാണ് നാടകം വരച്ചുകാട്ടുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കും പുകവലിക്കുന്നവർക്കും ഭാവിയിൽ ഉണ്ടാകാവുന്ന രോഗങ്ങളെക്കുറിച്ചും അവയുടെ പരിഹാരത്തെക്കുറിച്ചും നാടകത്തിൽ പ്രതിപാദിക്കുന്നു.