തിരുവനന്തപുരം: തീക്ഷ്ണമായ ജീവിതാനുഭവങ്ങളും പ്രതിസന്ധി ഘട്ടങ്ങളും ജീവിതത്തിൽ നേരിടേണ്ടി വന്നാലും കലാകാരന്റെ ഉള്ളിലുള്ള കലാവാസന ഒരുനാൾ മറനീക്കി പുറത്തുവരുമെന്നതിന്റെ ഉദാഹരണമാണ് പ്ലംബറായി ജോലി നോക്കുന്ന വി.കെ. കുഞ്ഞുമോൻ. ലോഹത്തകിടിൽ കൊത്തിയ ചിത്രങ്ങൾ കാണുമ്പോഴാണ് ഈ കലാകാരന്റെ കഴിവ് നമുക്ക് മനസിലാകുന്നത്.
ജോലി കഴിഞ്ഞുള്ള ഒഴിവ് സമയത്താണ് കുഞ്ഞുമോൻ ലോഹത്തകിടിൽ ചിത്രങ്ങൾ കൊത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി മ്യൂസിയം ഒാഡിറ്റോറിയത്തിൽ 'സെർച്ചിംഗ് സോൾ ഒഫ് മെറ്റൽ" എന്ന പേരിൽ നടന്ന മെറ്റൽ എംബോസിംഗ് എക്സിബിഷൻ ഈ പ്ലംബറുടെ നിരവധി വർഷത്തെ അദ്ധ്വാനത്തിന്റെ ഫലമാണ്. ലോഹത്തകിടിൽ കൊത്തിയ പഴമയെ ഒാർമിപ്പിക്കുന്ന 30 ലധികം രൂപങ്ങൾ കാഴ്ചക്കാർക്ക് നവ്യാനുഭവം തന്നെയായിരുന്നു. ഒരു സാധാരണ തൊട്ടിയിൽ കൊത്തിവച്ച ചിരിക്കുന്ന മനുഷ്യരൂപവും ഈജിപ്ഷ്യൻ സ്വർണപ്പണിക്കാരന്റെ രൂപവുമാണ് ഏറ്റവും ആകർഷകം. കേരള ലളിത കലാ അക്കാഡമി എക്സിക്യൂട്ടീവ് മെമ്പർ കാരയ്ക്കാ മണ്ഡപം വിജയകുമാറാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.
കുട്ടിക്കാലത്ത് തന്നെ അച്ഛൻ ഉപേക്ഷിച്ച് പോയ കുഞ്ഞുമോനെ അമ്മയാണ് വളർത്തിയത്. പച്ചക്കറികളും പഴവർഗങ്ങളും ചന്തയിൽക്കൊണ്ട് പോയി വിറ്റ് കിട്ടുന്ന ചെറിയ വരുമാനമായിരുന്നു ഏക ആശ്രയം. അമ്മയുടെ വാർദ്ധക്യ സഹജമായ രോഗങ്ങളും സഹോദരി മഞ്ജുവിന് ഡയബറ്റിക് രോഗം പിടിപെട്ടതും ജീവിതം താളംതെറ്റിച്ചു. ഒടുവിൽ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ച് കുഞ്ഞുമോന് പ്ലംബിംഗ് ജോലിക്കിറങ്ങേണ്ടി വന്നു. സഹോദരിയും അമ്മയും മരണത്തിന് കീഴടങ്ങിയപ്പോൾ കുഞ്ഞുമോൻ ഒറ്റയ്ക്കായി.
കുട്ടിക്കാലത്ത് തന്നെ ഉപേക്ഷിച്ച് പോയ അച്ഛന്റെ ജീവിതത്തിന്റെ അവസാനം ഒരു കൈത്താങ്ങായി കുഞ്ഞുമോൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതും ശ്രദ്ധേയം. ഉരുക്ക് മനുഷ്യനായ വല്ലഭായി പട്ടേലിന്റെ ചിത്രം, മുലയൂട്ടുന്ന അമ്മ, ശിവൻ, ഗണപതി, യേശു, കഥകളി മിക്സിംഗ്, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രിമാരായ വി,എസ്. അച്യുതാനന്ദൻ, ഇ.കെ. നായനാർ, ഉമ്മൻ ചാണ്ടി, എ.കെ. ആന്റണി, കെ. കരുണാകരൻ, സാഹിത്യകാരൻമാരായ ഒ.വി. വിജയൻ, മാധവിക്കുട്ടി, കവി ഒ.എൻ.വി... അങ്ങനെ നീളുന്നു കുഞ്ഞുമോൻ കൊത്തിവച്ച രൂപങ്ങളുടെ നീണ്ട ലിസ്റ്റ്. എസ്.എ.ടിയിലെ ഐ.സി.ടി.സി കൗൺസിലറായ അശ്വതിയാണ് ഭാര്യ. അഭിൻകൃഷ്ണ മകനാണ്.