കോവളം: ടൂറിസം സീസൺ ആരംഭിക്കാനിരിക്കെ കോവളം തീരത്ത് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വിദേശ വിനോദ സഞ്ചാരികളെ തീരത്ത് നിന്നു അകറ്റുമെന്ന് ആശങ്ക ഉയരുന്നു. കോവളം വികസനത്തിന്റെ പേരിൽ ലക്ഷങ്ങളും കോടികളും ചെലവഴിക്കുന്നതായി അവകാശപ്പെടുമ്പോഴും ബീച്ചുകളുടെ ഇരുട്ടകറ്റാൻ പോലും അധികൃതർക്കായിട്ടില്ല. വിദേശ വനിതയുടെ കൊലപാതകത്തെ തുടർന്ന് ഉണ്ടായ വിവാദങ്ങൾക്ക് തടയിടാൻ കോവളം തീരത്ത് സ്ഥാപിച്ച മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകളും ഇതുവരെ കത്തിക്കാനായിട്ടില്ല. ടൂറിസം ഫെസിലിറ്റേഷൻ സെന്ററിന്റെ മൂക്കിന് താഴെയുള്ള ഗ്രോവ് ബീച്ചിലും പാലസ് ജംഗ്ഷനിൽ നിന്നു സീറോക്ക് ബീച്ചിലേക്കുള്ള പ്രധാന നടപ്പാതയും ഇരുളടഞ്ഞിട്ട് മാസങ്ങളായി. വിവിധ വകുപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങളാണ് തീരത്തെ ഇരുട്ടിലാക്കുന്നതെന്നാണ് ആക്ഷേപം.
സന്ധ്യയോടെ ഇരുട്ടിൽ തപ്പുന്ന സഞ്ചാരികൾക്കും സുരക്ഷാ ജോലിയിലുള്ള പൊലീസുകാർക്കും വെളിച്ചം പകരാൻ പൊലീസുകാർ തന്നെ സ്വന്തം ചെലവിൽ രണ്ട് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് തകർന്നു തുടങ്ങിയ നടപ്പാതയിൽ അറ്റകുറ്റപ്പണി നടത്താത്തത് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി സഞ്ചാരികളെ അപകടപ്പെടുത്തുന്ന നിലയിലാണ്. ആഴാകുളത്ത് നിന്നു ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ സ്റ്റാഫ് ക്വാർട്ടേഴ്സ് വഴി ലൈറ്റ്ഹൗസ് ബീച്ചിലേക്ക് വരുന്ന പ്രധാനറോഡും പൊട്ടിപ്പൊളിഞ്ഞിട്ട് അധികാരികൾക്ക് മിണ്ടാട്ടമില്ല. കോവളം സമഗ്രകുടിവെള്ള പദ്ധതിക്കായി കോവളം ബീച്ചിലേക്കുള്ള പ്രധാന റോഡ് കോവളം ജംഗ്ഷൻ മുതൽ പാലസ് ജംഗ്ഷൻ വരെ ഇരുവശങ്ങളിലും നടപ്പാതകൾ വെട്ടിപ്പൊളിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പൂർവസ്ഥിതിയിലാക്കാനായില്ല.
നടപ്പാതയിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പുപയോഗിച്ചുള്ള കൈവരി തുരുമ്പിച്ച് തകർന്നിട്ടും ഇത് മാറ്റി സ്ഥാപിക്കാനോ സഞ്ചാരികളെ മുറിവേല്പിക്കാവുന്ന രീതിയിൽ നിലകൊള്ളുന്ന ഇതിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനോ പോലും ബന്ധപ്പെട്ടവർ ഇതുവരെ തയ്യാറായിട്ടില്ല. ബീച്ച് ടൂറിസവും ആയുർവേദ ടൂറിസവുമടക്കം പലതരത്തിലുള്ള ടൂറിസം സാദ്ധ്യതകൾ കേരളത്തിലുണ്ടെങ്കിലും കടലോര ടൂറിസത്തിന് ലഭിച്ചത്ര പ്രചാരവും ആകർഷണവും മറ്റുള്ളവയ്ക്ക് ലഭിച്ചില്ല. ശാന്തമായ കടലും പ്രശാന്തമായ കാലാവസ്ഥയുമെല്ലാം വിദേശ വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ച തീരമാണ് കോവളം. കാലാവസ്ഥയിലുണ്ടായ വ്യതിയാനവും വിഴിഞ്ഞം തുറമുഖ നിർമ്മാണം തുടങ്ങിയശേഷം പ്രദേശത്തെ കടലിന്റെ സ്വഭാവത്തിലുണ്ടായ മാറ്റവും കാരണം കോവളം തീരത്തെ കടലിന്റെ ശാന്തതയ്ക്കും കോട്ടം തട്ടിയിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ ഉണ്ടായ വിദേശവനിതയുടെ കൊലപാതകവും കോവളം ടൂറിസം സീസണിന് നാണക്കേടുണ്ടാക്കി. കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്കെതിരെ അതിക്രമങ്ങൾ വർദ്ധിക്കുന്നതായി കേന്ദ്രസർക്കാർ നേരത്തേതന്നെ റിപ്പോർട്ടുകൾ പുറത്തു വിട്ടിരുന്നു. നാഷണൽ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2014ൽ വിനോദസഞ്ചാരികളുമായി ബന്ധപ്പെട്ട എട്ട് കേസുകൾ റിപ്പോർട്ട് ചെയ്തു. എന്നാൽ അത് 2016 ആയപ്പോഴേക്കും 15 ആയും 2017 ൽ 27 ആയും വർദ്ധിച്ചു. ഇതൊക്കെ കണക്കിലെടുത്ത് പൊലീസും കനത്ത ജാഗ്രതയിലാണെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ അധികൃതർ ഇനിയും കാലതാമസം വരുത്തിയാൽ കോവളത്തെ സീസൺ വലിയ തിരിച്ചടിയായി മാറും.