തൃശൂർ: ജില്ലയിൽ വീണ്ടും എ.ടി.എം കവർച്ചാശ്രമം. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയിലുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മാണ് മോഷ്ടാവ് തകർത്തത്. എ.ടി.എമ്മിൽ നിന്ന് പണം നഷ്ടപ്പെട്ടോയെന്ന കാര്യം അറിവായിട്ടില്ല.ഇന്ന് പുലർച്ചെയാണ് എ.ടി.എം കവർച്ച നടന്നതെന്ന് കരുതുന്നു. രാവിലെ പണം പിൻവലിക്കാനെത്തിയ ആളാണ് എ.ടി.എം തകർന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബാങ്കിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. എ.ടി.എമ്മിനുള്ളിലെ സി.സി.ടി.വി കാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. ഒന്നിൽ കൂടുതൽ പേർ മോഷണത്തിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് തൃശൂരിൽ എ.ടി.എം കവർച്ച നടക്കുന്നത്. ഈ മാസം 12ന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കൊരട്ടിയിലെ എ.ടി.എം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് 10.8 ലക്ഷം രൂപ കവർന്നിരുന്നു, ബാങ്കിന്റെ വരാന്തയിൽ ഘടിപ്പിച്ചിരിക്കുന്ന നിരീക്ഷണ കാമറയും സ്‌പ്രേ പെയിന്റടിച്ച് പ്രവർത്തന രഹിതമാക്കിയ ശേഷമായിരുന്നു കവർച്ച നടത്തിയത്.