-sandeepananda-giri-ashra

ശനിയാഴ്ച രാവിലെ അക്രമികൾ തീ വച്ച് നശിപ്പിച്ച സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലെ ഭൗതിക സൗകര്യങ്ങൾ വിവരിച്ച് ശബരിനാഥൻ എം.എൽ.എ. ആശ്രമത്തിന് സർക്കാരിന്റെ ടൂറിസം വകുപ്പ് ഗോൾഡ് റേറ്റിംഗ് നൽകിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. പോരാത്തതിന് താൻ ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ ഹോട്ടലിൽ റൂം ബുക്ക് ചെയ്യുന്നത് പോലെ ഇവിടെ താമസിക്കാനെത്തുന്നവർക്ക് ഓൺലൈൻ ബുക്കിംഗിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കാണാനായി. പ്രമുഖ വാണിജ്യ സൈറ്റുകളിൽ ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റിയിൽ നിന്നും പത്ത് കിലോമീറ്റർ പോയാൽ ആത്മീയാനന്ദം വേണമെന്നുള്ളവർക്ക് ഓൺലൈൻ ബുക്ക് ചെയ്തു പോകാമെന്നും കൂടാതെ സ്വിമ്മിംഗ് പൂളും ഉണ്ടെന്നും എം.എൽ.എ പരിഹസിക്കുന്നു. അതേസമയം അക്രമത്തെ തനിക്ക് ന്യായീകരിക്കാൻ പറ്റില്ലെന്നും ആശയത്തെ അക്രമം കൊണ്ടല്ല, മറിച്ചു ആശയം കൊണ്ടുതന്നെ നേരിടണമെന്നും ശബരിനാഥൻ എം.എൽ.എ. ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സ്വാമി സന്ദീപാനഗിരിയെ വലിയ പരിചയമില്ല, എന്നാലും അദ്ദേഹത്തിന്റെ ആശ്രമം ആക്രമിച്ചത് ഒരിക്കലും ന്യായികരിക്കാൻ കഴിയുന്നതല്ല.ആശയത്തെ അക്രമം കൊണ്ടല്ല,മറിച്ചു ആശയം കൊണ്ടുതന്നെ നേരിടണം എന്നതാണ് എപ്പോഴും എന്റെ പക്ഷം.

ഇതൊക്ക പറയുമ്പോഴും, ഞാൻ ഇപ്പോൾ പോസ്റ്റ്‌ ഇടുന്നത് വെറുതെ ഒന്ന് ഗൂഗിൾ ചെയ്തതിനു ശേഷമാണ്. സ്വാമിയുടെ ആശ്രമത്തിൽ ടൂറിസം വകുപ്പ് ഗോൾഡ് റേറ്റിംഗ് നൽകിയ ഹോം സ്റ്റേ സൗകര്യമുണ്ടെന്നു ഗൂഗിൾ പറയുന്നു. ഒന്നുകൂടെ ഗൂഗിളിൽ പരതിയപ്പോൾ Makemytrip, Goibibo,Justdial തുടങ്ങിയ വാണിജ്യ വെബ്സൈറ്റുകളിൽ ഹോട്ടൽ ബുക്ക്‌ ചെയ്യുന്നതുപോലെ സ്വാമിയുടെ ആശ്രമത്തിലും ഇന്നും വേണമെങ്കിൽ നമുക്ക് റൂം ബുക്ക്‌ ചെയ്യാം.

എന്തായാലും ഒരു സന്തോഷമുള്ളത്, അത്യാവശ്യം ആത്‌മീയാനന്ദം വേണമെങ്കിൽ സിറ്റിയിൽ നിന്ന് 10 km അകലെയുള്ള കുണ്ടമൺകടവിൽ ഓൺലൈൻ ബുക്ക്‌ ചെയ്തു പോയാൽ മതി; സ്വിമ്മിംഗ് പൂളും ഉണ്ട്!