ന്യൂഡൽഹി: കറൻസി കൈമാറ്റമടക്കം 75 ബില്യൺ ഡോളറിന്റെ കരാറുകളിൽ ഇന്ത്യയും ജപ്പാനും ഒപ്പുവച്ചു. കറൻസി കൈമാറ്റ കരാറിലൂടെ ഇന്ത്യയിലെ മൂലധന വിപണിയും രൂപയും കൂടുതൽ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ.
ബംഗ്ളാദേശ്, മ്യാന്മർ, ശ്രീലങ്ക എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി വിദേശകാര്യ - പ്രതിരോധ മന്ത്രിതലത്തിൽ '2+2' ചർച്ചകൾ നടത്താനും ജപ്പാൻ പ്രധാനമന്ത്രി ഷിൻസെ ആബെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചർച്ചയിൽ ധാരണയായി. 2013ൽ രൂപ മൂല്യത്തകർച്ച നേരിട്ടപ്പോൾ ഇരു രാജ്യങ്ങളും കറൻസി കൈമാറ്റം 15 ബില്യൺ ഡോളറിൽ നിന്ന് 50 ബില്യൺ ഡോളറാക്കുന്നതിന് ധാരണയിലെത്തിയിരുന്നു. അതിവേഗ റെയിൽ പദ്ധതിയും നാവികസഹകരണവുമടക്കം ആറ് സുപ്രധാന കരാറുകളും ഇരു രാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്.
മറ്റ് തീരുമാനങ്ങൾ
ഇന്ത്യ ജപ്പാൻ സഹകരണത്തിൽ പണിത മുംബയ്- അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതിയുടെ വളർച്ച ഇരു നേതാക്കളും വിലയിരുത്തി. പദ്ധതിക്കായി ജപ്പാൻ ലോൺ നൽകും
ഇന്ത്യൻ നാവികസേനയും ജപ്പാൻ മാരിടൈം സൈൽഫ് ഡിഫൻസ് ഫോഴ്സും തമ്മിലുള്ള സഹകരണം ഊർജിതമാക്കും
സൈബർ ഇടം, ആരോഗ്യം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ പങ്കാളിത്തം ശക്തമാക്കും
മെട്രോ പദ്ധതികളിൽ സഹകരണം തുടരും