തിരുവനന്തപുരം : ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയും സി.പി.എം നേതാവുമായ പി.കെ. കുഞ്ഞനന്തന്റെ അടിയന്തര പരോൾ 5 ദിവസം കൂടി നീട്ടി സർക്കാർ ഉത്തരവിട്ടു. സെപ്തംബർ 21ന് ജയിൽവകുപ്പ് 10 ദിവസത്തേക്ക് നൽകിയ അടിയന്തര പരോൾ പ്രത്യേക അധികാരമുപയോഗിച്ച് സർക്കാർ 25 ദിവസത്തേക്ക് ദീർഘിപ്പിച്ചിരുന്നു. ഈ കാലാവധി കഴിഞ്ഞ 16ന് 15 ദിവസത്തേക്ക് നീട്ടിയതിനു പുറമേയാണ് 5ദിവസം കൂടി നീട്ടി ഇന്നലെ ഉത്തരവിറങ്ങിയത്.
2014 ജനുവരിയിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്റെ ആകെ പരോൾ ദിനം ഇതോടെ 389 ആയി.
രണ്ടുതവണയായി 45 ദിവസം ആശുപത്രിവാസവും അനുവദിച്ചിരുന്നു. പരോളിലിറങ്ങി ഏരിയാ കമ്മിറ്റി യോഗത്തിലും പങ്കെടുത്തു. ജയിൽ സൂപ്രണ്ടിൽ നിന്ന് പരോൾ ലഭിക്കുന്ന തടവുകാരന് കാലാവധി നീട്ടണമെന്ന് സർക്കാരിന് അപേക്ഷ നൽകാമെന്നും ഇതുപ്രകാരമാണ് 15 ദിവസം കൂടി നൽകിയതെന്നുമാണ് ജയിൽ വകുപ്പിന്റെ വിശദീകരണം. ഇതിന് ജയിൽ സൂപ്രണ്ടിന്റെ ക്ലിയറൻസ് ആവശ്യമില്ല. നേരത്തേ കുഞ്ഞനന്തനെ പ്രായാധിക്യം ചൂണ്ടിക്കാട്ടി വിട്ടയയ്ക്കാനുള്ള നീക്കം ഗവർണർ പി.സദാശിവം തടഞ്ഞിരുന്നു.