തിരുവനന്തപുരം: അർബുദം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന മാതാവിനെ സന്ദർശിക്കാൻ അനുമതി ലഭിച്ച പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മദനി കേരളത്തിലെത്തി. രാവിലെ 10.30ന് ബംഗളൂരുവിൽ നിന്ന് വിമാന മാർഗം തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തെ പാർട്ടിപ്രവർത്തകരും കുടുംബാംഗങ്ങളും ഉറ്റ ബന്ധുക്കളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് പൊലീസ് അകമ്പടിയോടെ പ്രത്യേക വാഹനത്തിൽ ശാസ്താംകോട്ടയിലേക്ക് തിരിച്ചു.
ശാസ്താംകോട്ടയിൽ ആശുപത്രിയിൽ കഴിയുന്ന അമ്മയെ സന്ദർശിച്ച ശേഷം നവംബർ നാലിന് മടങ്ങും. ബംഗളൂരുവിൽ നിന്ന് പതിനൊന്നംഗ പൊലീസ് സംഘം അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. നിലവിൽ ജാമ്യത്തിൽ കഴിയുന്ന മദനിക്ക് ബംഗളൂരു വിട്ടു പുറത്തു പോകുന്നതിന് വിലക്കുണ്ട്. ഇന്ന് ഉച്ചയോടെ ശാസ്താംകോട്ട ഐ.സി.എസിലെ യത്തിംഖാനയിലെത്തുന്ന മദനിയെ പാർട്ടി പ്രവർത്തകരും യത്തിംഖാനയിലെ വിദ്യാർത്ഥികളും ചേർന്ന് സ്വീകരിക്കും. തുടർന്ന് ഉമ്മയെ സന്ദർശിക്കാൻ ആശുപത്രിയിലേക്ക് പുറപ്പെടുന്ന മദനി അതിനുശേഷം അൻവാർശേരിയിലെ യത്തിംഖാനയിലും സമീപത്തെ കുടുംബവീടായ തോട്ടുവാൽ മൻസിലിലുമായാകും കഴിയുക.