milan-lorens

തിരുവനന്തപുരം: സി.പി.എം നേതാവ് എം.എം.ലോറൻസിന്റെ കൊച്ചുമകൻ ബി.ജെ.പിയുടെ സമരവേദിയിൽ. ശബരിമലയിൽ പൊലീസ് അതിക്രമം നടത്തിയെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള ഡി.ജി.പി ഓഫീസിന് മുന്നിൽ നടത്തുന്ന ഏകദിന ഉപവാസത്തിലാണ് എം.എം.ലോറൻസിന്റെ കൊച്ചുമകൻ മിലൻ ലോറൻസ് ഇമ്മാനുവൽ പങ്കെടുത്തത്.

പ്രതിഷേധത്തിന്റെ ഭാഗമായാണ് താൻ സമരവേദിയിലെത്തിയതെന്ന് മിലൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. സമരത്തിൽ പങ്കെടുക്കുന്ന കാര്യം വീട്ടുകാർ അറിഞ്ഞോ എന്ന ചോദ്യത്തിന്, 'ഇതൊക്കെ നമ്മുടെ ഇഷ്‌ടമല്ലേ' എന്നായിരുന്നു മിലന്റെ മറുപടി. രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ പാർട്ടി ഏതെന്ന് തീരുമാനിച്ചിട്ടില്ലെന്നും പ്ലസ് ടു വിദ്യാർത്ഥിയായ മിലൻ വ്യക്തമാക്കി. കുട്ടിയുടെ അമ്മ തന്നെയാണ് മിലനെ സമരവേദയിലെത്തിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ള മാധ്യമങ്ങളോട് വിശദീകരിച്ചു.

ശബരിമല വിഷയത്തിൽ സി.പി.എമ്മിന് വെല്ലുവിളിയായി ബി.ജെ.പി മുന്നോട്ടു പോകവെയാണ് സി.പി.എമ്മിന്റെ തലമുതിർന്ന നേതാവിന്റെ കൊച്ചുമകൻ ബി.ജെ.പിയുടെ സമരവേദിയിലെത്തിയതെന്നത് ശ്രദ്ധേയമാണ്.