പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളിൽ ഒളിവിലുള്ള 350 പേർക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 3557 പേർ അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ മാത്രം 52 പേർ അറസ്റ്റിലായി. 122 പേർ റിമാന്റിലാണ്. ആകെ 529 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 12 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കലാപശ്രമം, നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരൽ, പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെ ആക്രമിക്കൽ, ഉദ്യോഗസ്ഥരെ കൃത്യനിർവഹണത്തിൽ നിന്നും തടയൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിലയ്ക്കലിൽ ഉണ്ടായ സംഘർഷത്തിൽ പങ്കാളികളായ 210 പേരുടെ ചിത്രങ്ങളടങ്ങിയ രണ്ടാമത്തെ ആൽബം പത്തനംതിട്ട പൊലീസ് ഇന്നലെ തയ്യാറാക്കിയിരുന്നു. 17ന് നിലയ്ക്കലിലുണ്ടായ സംഘർഷത്തെത്തുടർന്ന് 23ന് പുറത്തിറക്കിയ പ്രതികളുടെ ആദ്യ ആൽബത്തിൽ 210 പേരുണ്ടായിരുന്നു. ഇതിലുൾപ്പെട്ട 22 പേർ ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആൽബം തയ്യാറാക്കിയത്. നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ നടന്ന ആക്രമണ സംഭവങ്ങളിൽ ഉൾപ്പെട്ടവരുടെ ചിത്രങ്ങളാണ് രണ്ടാമത്തെ ആൽബത്തിലുള്ളത്. ആൽബത്തിലുൾപ്പെട്ടവർ വിദേശത്തേക്കു കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിലേക്കും അയച്ചു കൊടുത്തിട്ടുണ്ട്.