novel

'' നിങ്ങൾ...നിങ്ങളാരാ?'
തൊണ്ടക്കുഴിയിൽ പിസ്റ്റൾ അമർന്നിരിക്കുന്നതിനാൽ അനിരുദ്ധന്റെ ശബ്ദം വല്ലാതെ മാറിയിരുന്നു.

'' ഞാൻ കാലൻ. നേരത്തെ നിന്റെ വെപ്പാട്ടിയോട് പറഞ്ഞത് കേട്ടില്ലേടാ?'
ഹെൽമറ്റിനുള്ളിൽ നിന്ന് പല്ലു ഞെരിക്കുന്ന ശബ്ദം അനിരുദ്ധൻ കേട്ടു.
അടുത്തനിമിഷം അയാൾ പിസ്റ്റൾ മാറ്റുകയും അതിന്റെ മടമ്പുകൊണ്ട് അനിരുദ്ധന്റെ നെറ്റിയിൽ ആഞ്ഞടിക്കുകയും ചെയ്തു.

'' അയ്യോ...'
അയാൾ അലറാനായി വാ തുറന്നപ്പോൾ ഹെൽമറ്റ് ധാരി പിസ്റ്റൾ അവിടേക്ക് കുത്തിക്കയറ്റി.
'' പൊട്ടിക്കട്ടേടാ? നിന്റെ ഈ വൃത്തികെട്ട തല തണ്ണിമത്തൻ പോലെ ചിതറിക്കട്ടെ?'
സംസാരിക്കാൻ കഴിയാത്തതിനാൽ അനിരുദ്ധൻ കൈയെടുത്ത് വിലക്കി.

അയാളുടെ നെറ്റി പിളർന്ന് ചോര മൂക്കിന്റെ മുകളറ്റത്തേക്ക് ഒഴുകി. പിന്നെ അത് രണ്ടു കണ്ണുകളിലേക്കും ഒലിച്ചിറങ്ങി.
അനിരുദ്ധൻ തല കുടഞ്ഞു. ചോരത്തുള്ളികൾ ചിതറി.
ഹെൽമറ്റ് ധാരി പറഞ്ഞു.

'' നീ കേട്ടുകാണും. ഞാൻ കൽക്കി. മുസാഫിർ സുബ്രഹ്മണ്യ ഈശോ...നിന്നെപ്പോലെ പിറപ്പുകേടു കാണിച്ചു നടക്കുന്നവന്മാരെ പരലോകത്തേക്ക് പാഴ്സൽ ചെയ്യുവാൻ കാലനിൽ നിന്ന് നേരിട്ട് കോൺട്രാ്ര്രക് എടുത്തവൻ'
കൽക്കി!
ആ പേരുകേട്ടതും അനിരുദ്ധൻ അടിമുടി വിറച്ചു.
'' നീ താഴേക്കൊന്നു നോക്കിക്കേടാ.'

പറഞ്ഞതും കൽക്കി അയാളുടെ ഷർട്ടിൽ കുത്തിപ്പിടിച്ച് അക്കുഡറ്റിന്റെ കൈവരിയിലേക്ക് കമിഴ്ത്തി.
ചോര കുഴഞ്ഞൊട്ടിയ കൺപോളകൾ വലിച്ചു തുറന്ന് അനിരുദ്ധൻ താഴേക്ക് നോക്കി.
അയാൾ വല്ലാതെ നടുങ്ങി.
നിലാവെളിച്ചത്തിൽ അങ്ങുതാഴെ പാടം കണ്ടു.
അതിൽ നിറയെ കാട്ടുചേമ്പുകൾ വളർന്നു നിൽക്കുന്നു.

മഞ്ഞു പറ്റിയതിനാൽ ചേമ്പിലകൾ വെള്ളിപോലെ വെട്ടിത്തിളങ്ങി.
അനിരുദ്ധന്റെ നെറ്റിയിൽ നിന്ന് മഞ്ചാടിക്കുരുപോലെ ചോരത്തുള്ളികൾ പാടത്തേക്ക് ഇറുന്നു വീണുകൊണ്ടിരുന്നു.
''എന്നെ എന്നെ എന്തിനാണ് നിങ്ങൾ... '

അനിരുദ്ധൻ പൂർത്തിയാക്കുവാൻ സമ്മതിച്ചില്ല കൽക്കി.
അയാൾ തിമട്ടി:
'' ഇങ്ങോട്ട് ചോദ്യമൊന്നും വേണ്ട, ചോദിക്കുന്നത് ഞാൻ. ഉത്തരം നൽകേണ്ട ജോലിമാത്രം നിനക്ക്'
എങ്ങനെ കൽക്കിയിൽ നിന്നു രക്ഷപ്പെടും എന്നുമാത്രം അനിരുദ്ധന് പിടികിട്ടിയില്ല.

കൽക്കി ആദ്യ ചോദ്യം തൊടുത്തു.
'' പിങ്ക് പൊലീസ് എസ്.ഐ വിജയയുടെ സഹോദരൻ സത്യനെ എന്തിനാണ് നീ കൊല്ലിച്ചത്?'
അനിരുദ്ധൻ ഒന്നുകൂടി നടുങ്ങി.

ഇവൻ എല്ലാം മനസ്സിലാക്കിയിരിക്കുന്നു!
അയാളുടെ മൗനം കൽക്കിയെ ചൊടിപ്പിച്ചു.
''നീ പറയാൻ വൈകിയാൽ മരണത്തിലേക്കുള്ള ദൂരം കുറഞ്ഞെന്ന് അർത്ഥം. '

'' എന്നെ കൊല്ലരുത്'
'' അതേക്കുറിച്ച് ചിന്തിക്കണമെങ്കിൽ നീ എല്ലാം തുറന്നു പറയണം.'
കൽക്കി പിസ്റ്റൾ അയാളുടെ നട്ടെല്ലിനു പുറത്തമർത്തി.

'' ഞാനൊന്ന് ട്രിഗർ അമർത്തിയാൽ നിന്റെ നട്ടെല്ലിൽ ബുള്ളറ്റ് തറഞ്ഞിരിക്കും. പിന്നെ നിനക്ക് ജീവിതകാലം മുഴുവൻ കട്ടിലിൽ കിടന്നുകൊണ്ട് എല്ലാം സാധിക്കേണ്ടിവരും.'
ആ ഓർമ്മപോലും അനിരുദ്ധനെ വിറപ്പിച്ചു.
'' ഞാൻ പറയാം...'
'' എങ്കിൽ സമയം കളയണ്ടാ...'
അനിരുദ്ധൻ അറിയിച്ചു.

''സത്യൻ കോളേജ് ചെയർമാൻ ആകാതിരിക്കാനും അവിടുത്തെ രാഷ്ട്രീയകക്ഷികൾ തമ്മിൽ തല്ലാനും.'
'' അതുകൊണ്ട് നിനക്കെന്തു നേട്ടം?'
ഉത്തരമില്ല.
'' എടാ പറയാൻ'
പിസ്റ്റൾ ഒന്നുകൂടി അമർന്നു.

'' നേട്ടം എനിക്കല്ല. എനിക്കുവേണ്ടിയല്ല അത് ചെയ്യിച്ചത്...'
'' പിന്നെ രാജസേനനുവേണ്ടിയാണോ?'
'' അല്ല...'അനിരുദ്ധന്റെ ശബ്ദം വിറച്ചു.
കൽക്കിയിൽ അമ്പരപ്പ്.

ഇത്രയും സമയം അയാൾ കരുതിയത് രാജസേനനോ മകനോ ആയിരിക്കും എല്ലാത്തിനും പിന്നിൽ എന്നാണ്.
'' എങ്കിൽ നിന്റെ പിന്നിൽ നിന്നു കളിക്കുന്ന ആ ബാസ്റ്റഡ് ആരാണ്?'
'' അത് പറഞ്ഞാൽ അയാൾ എന്നെ കൊല്ലും...'അനിരുദ്ധന്റെ ശബ്ദം ദയനീയമായി.
'' പറഞ്ഞില്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും. '
കൽക്കി അയാളുടെ ഷർട്ടിന്റെ പിൻകോളറിൽ പിടിമുറുക്കി. (തുടരും)