kerala-high-court

കൊച്ചി: ശബരിമലയിൽ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംഭവങ്ങളിലും പൊലീസ് അതിക്രമത്തിലും ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹ‌‌ർജിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. ജുഡിഷ്യൽ അന്വേഷണം സർക്കാരിന്റെ വിവേചനാധികാരത്തിൽ വരുന്നതാണെന്നും അതിന്മേൽ ഇടപെടാൻ കോടതിക്ക് പരിമിതികളുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് സർക്കാരിന് മുൻകൂട്ടി നിർദ്ദേശം നൽകാനാകില്ല. ഇക്കാര്യത്തിൽ സർക്കാരിന് സ്വതന്ത്രമായ അന്വേഷണം നടത്താൻ അധികാരമുണ്ട്. അന്വേഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ച വന്നാൽ കോടതി ഇടപെടുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ശബരിമലയിലെ സംഭവങ്ങളിലും പൊലീസ് അതിക്രമത്തിലും ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശി രാജേന്ദ്രനാണ് ഹർജി സമർപ്പിച്ചത്.