തൃശൂർ:ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ എ.ടി.എം കുത്തിത്തുറന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശി ശ്രാവൺ എന്നയാളെയാണ് ചാവക്കാട്ടെ കള്ളുഷാപ്പിൽ നിന്ന് അറസ്റ്റ് ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്നുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്.
ഇന്നലെ അർദ്ധരാത്രിയോടെയാണ് എ.ടി.എമ്മിൽ കവർച്ചാ ശ്രമം നടന്നത്. ഇന്ന് രാവിലെ ആറരയോടെ പണമെടുക്കാൻ എത്തിയ ഇടപാടുകാരനാണ് എ.ടി.എം തകർത്തതായി കണ്ടത്. ഉടൻ ഇയാൾ പൊലീസിനെയും എസ്.ബി.ഐ അധികൃതരെയും വിവരം അറിയിച്ചു. കവർച്ചാ ശ്രമം നടന്ന എ.ടി.എം കൗണ്ടറിന് കാവലുണ്ടായിരുന്നില്ല.
എ.ടി.എമ്മിന്റെ സ്ക്രീൻ തകർത്ത നിലയിലായിരുന്നു. എ.ടി.എം തകർക്കാൻ ശ്രമിച്ച കന്പിപ്പാര പോലുള്ള ആയുധങ്ങൾ ഒന്നും തന്നെ കണ്ടെത്താൻ കഴിയാതിരുന്നതിനാൽ മോഷണം നടത്തിയത് പ്രൊഫഷണൽ സംഘമല്ലെന്ന നിഗമനത്തിൽ പൊലീസ് എത്തിയിരുന്നു. തുടർന്ന് സി.സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. എ.ടി.എമ്മിലെ കാമറയിൽ ശ്രാവണിന്റെ മുഖം പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ നാട്ടുകാരെ കാണിച്ചപ്പോഴാണ് പ്രതി ശ്രാവൺ ആണെന്ന് മനസിലായത്.
കഴിഞ്ഞ 17 വർഷമായി ചാവക്കാട് വിവിധ ജോലികൾ ചെയ്ത് താമസിച്ചു വരികയായിരുന്നു ശ്രാവൺ. എ.ടി.എം തകർക്കാൻ കഴിയാതെ വന്നതോടെ നിരാശനായ ശ്രാവൺ ചാവക്കാട്ടെ കള്ളുഷാപ്പിൽ എത്തി മദ്യപിക്കുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് കാണിച്ചതോടെ അയാൾ കുറ്റമേറ്റു. കല്ല് കൊണ്ട് ഇടിച്ചാണ് എ.ടി.എമ്മിന്റെ സ്ക്രീൻ തകർത്തതെന്ന് ശ്രാവൺ മൊഴി നൽകി. മോഷണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ ഒരു കവറിലാക്കി ശ്രാവൺ കൈവശം വച്ചിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ഇതും കണ്ടെത്തി. ശ്രാവണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
ഈ മാസം ആദ്യവാരം തൃശൂർ കൊരട്ടിയിലും എ.ടി.എം തകർത്ത് വൻ കവർച്ച നടന്നിരുന്നു. കേസിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ചാവക്കാട് വീണ്ടും എ.ടി.എം തകർത്തത്.