കഴിഞ്ഞവർഷം നടന്ന ഇന്ത്യ ന്യൂസിലാന്റ് ട്വന്റി20 മത്സരത്തിൽ 16 ഓവർ (96 പന്തുകൾ) മാത്രം നടന്ന കളിയിൽ നിന്നുള്ള ആകെ വരുമാനം 5.38 കോടി രൂപയായിരുന്നു. മത്സര നടത്തിപ്പിനായുള്ള ബി.സി.സി.ഐ വിഹിതമായ ഒന്നര കോടി രൂപ കൂടി ചേർത്താൽ ഇത് 6.88 കോടി രൂപയാവും. ടിക്കറ്റ് വിൽപനയിലും ആകെ വരുമാനത്തിലും ഇതുവരെ കേരളത്തിൽ സംഘടിപ്പിച്ച രാജ്യാന്തര മത്സരങ്ങളിലെ റെക്കാഡായിരുന്നു ഇത്. കൊച്ചിയിൽ നടന്ന രാജ്യാന്തര മത്സരങ്ങളിൽ ഗാലറി പൂർണമായും നിറഞ്ഞപ്പോൾ പോലും രണ്ടു കോടിക്കു താഴെയായിരുന്നു ടിക്കറ്റ് വരുമാനം. തിരുവനന്തപുരത്തു ടിക്കറ്റ് വരുമാനമായി ലക്ഷ്യമിട്ടത് 2.36 കോടി രൂപയായിരുന്നെങ്കിൽ ആവശ്യം ഏറിയതോടെ വിറ്റത് 2.91 കോടി രൂപയ്ക്ക്.
ഇത്തവണയും മുഴുവൻ ടിക്കറ്റുകൾ വിറ്റുപോയതോടെ ഇതിലും വലിയ വരുമാനമാണ് കെ.സി.എ പ്രതീക്ഷിക്കുന്നത്. ട്വന്റി20 മത്സരത്തെക്കാൾ ഉയർന്ന ടിക്കറ്റ് നിരക്കാണ് ഏകദിനത്തിന്റേത്. ട്വന്റി20യിൽ 750 രൂപയായിരുന്നു അപ്പർ ലെവൽ ഗാലറി ടിക്കറ്റെങ്കിൽ ഇപ്പോഴത് 1000 രൂപയാണ്. താഴത്തെ ഗാലറിയിൽ 2000 രൂപയും 3000 രൂപയുമാണ് നിരക്ക്.