sabarimala

1. ശബരിമല സംഘർഷങ്ങളുമായി ബന്ധപ്പെട്ടുള്ള അറസ്റ്റ് തുടരുന്നു. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലുണ്ടായ സംഘർഷങ്ങളിൽ ഇതുവരെ പൊലീസ് അറസ്റ്റു ചെയ്തത്, 3557 പേരെ. 531 കേസുകളിൽ ആയാണ് ഇത്രയും അറസ്റ്റ്. ഇന്നലെ മാത്രം പൊലീസ് കസ്റ്റഡിയിൽ എടുത്തത്, 51 പേരെ. സംഘർഷവുമായി ബന്ധപ്പെട്ട് 210 പേരുടെ ചിത്രങ്ങൾ കൂടി പൊലീസ് ഇന്നലെ പുറത്തു വിട്ടിരുന്നു. ഇനിയും 350 പേർ ഒളിവിൽ ആണ് എന്ന് പൊലീസ്.


2. അതിനിടെ, ശബരിമല അക്രമ സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണം എന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം സ്വദേശി അന്വേഷണം ആവശ്യപ്പെട്ടത് ഈ മാസം 17 മുതൽ 20 വരെ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും നടന്ന അക്രമ സംഭവങ്ങളിൽ. മല കയറാൻ രഹ്ന ഫാത്തിമ എത്തിയതിൽ ഗൂഢാലോചന ഉണ്ട്. ഐ.ജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവർ എതിരെ അന്വേഷണം വേണം എന്നും ഹർജിയിൽ ആവശ്യം.


3. സംഘർഷങ്ങളിലെ കൂട്ട അറസ്റ്റിൽ പൊലീസിനെയും സർക്കാരിനെയും ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാർ ഗ്യാലറികൾക്ക് വേണ്ടി കളിക്കരുതെന്നും അക്രമ സംഭവങ്ങളിൽ പങ്കാളിത്തം ഉണ്ടെന്ന് ഉറപ്പിച്ച ശേഷമേ ആളുകളെ അറസ്റ്റ് ചെയ്യാവൂ എന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.


4. നവംബർ അഞ്ചിന് ഒറ്റ ദിവസത്തേക്ക് ശബരിമല നട തുറക്കാൻ ഇരിക്കെ, സംസ്ഥാന വ്യാപക ജാഗ്രതക്ക് ഡി.ജി.പിയുടെ നിർദേശം. മൂന്നാം തീയതി മുതൽ ശബരിമലയുടെ നിയന്ത്രണം ഏറ്റെടുക്കാൻ വനിത പൊലീസ് അടക്കം 1500ൽ ഏറെ പൊലീസിനെ വിന്യസിക്കും. പമ്പയുടെ ചുമതലയിൽ ഐ.ജി. എസ്. ശ്രീജിത്തിന് പകരം എം.ആർ. അജിത് കുമാറിനെ നിയോഗിച്ചു. സഹായത്തിന് എറണാകുളം റൂറൽ എസ്.പി രാഹൂൽ ആർ. നായരെയും നിയോഗിച്ചിട്ടുണ്ട്.


5. തീർത്ഥാടകരെയോ വാഹനങ്ങളോ വഴിതടഞ്ഞുള്ള പരിശോധന അനുവദിക്കില്ല. മൂന്നാം തീയതി രാവിലെ മുതൽ ശബരിമലയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനായി ആറ് മേഖലകളായി തിരിച്ച് വൻ പൊലീസ് വിന്യാസം നടത്തും. സന്നിധാനത്തിന്റെ ചുമതല ഐ.ജി പി. വിജയനാണ്. കൊല്ലം കമ്മീഷണർ പി.കെ. മധുവും സന്നിധാനത്തുണ്ടാവും. ഇരുന്നൂറ് പൊലീസിനെ സന്നിധാനത്ത് മാത്രം വിന്യസിക്കും. മരക്കൂട്ടത്ത് എസ്.പി വി. അജിതിന്റെ നേതൃത്വത്തിൽ നൂറ് പൊലീസുണ്ട്. പമ്പയിലും നിലയ്ക്കലിലും ഇരുന്നൂറ് വീതം പൊലീസും അമ്പത് വീതം വനിത പൊലീസും തമ്പടിക്കും. ഐ.ജി മനോജ് എബ്രാഹാമിനോട് പൂർണ മേൽനോട്ട ചുമതല.


6. അതിനിടെ, ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി ഇടത്താവളങ്ങളിൽ സൗകര്യങ്ങൾ ഒരുക്കാൻ നടപടി തുടങ്ങി. വടശ്ശേരിക്കര, പത്തനംതിട്ട തുടങ്ങി വിവിധ സ്ഥലങ്ങളിൽ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. പൊലീസ്, ഫയർഫോഴ്‌സ്, റവന്യൂ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിൽ അംഗങ്ങളാണ്. പ്രളയത്തെ തുടർന്ന് അപകടാവസ്ഥയിൽ ആയ കുളിക്കടവുകളിൽ സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡും സജ്ജമാക്കാൻ നിർദ്ദേശം.


7. പി.ഡി.പി നേതാവ് അബ്ദുൾ നാസർ മഅ്ദനി കേരളത്തിൽ എത്തി. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി മഅ്ദനി കേരളത്തിൽ എത്തിയത് രോഗിയായ അമ്മയെ കാണാൻ. രാവിലെ 10 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മഅ്ദനിയെ 11 പേർ അടങ്ങിയ ബംഗളൂരു പൊലീസ് സംഘവും അനുഗമിക്കുന്നു. എൻ.ഐ.എ വിചാരണ കോടതി നൽകിയ കർശന വ്യവസ്ഥകളിൽ പ്രതിഷേധിച്ച് വായ്മൂടിക്കെട്ടിയാണ് പി.ഡി.പി പ്രവർത്തകരും നേതാക്കളും മഅ്ദനിയെ സ്വീകരിക്കാൻ എത്തിയത്.


8. സംസ്ഥാനത്ത് എച്ച് വൺ എൻ വൺ പനിയ്‌ക്കെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം. ജൂൺ, ജൂലായ് മാസങ്ങളിൽ കണ്ടുവരാറുള്ള വൈറസ് സാന്നിധ്യം ഇക്കുറി സെപ്തംബർ, ഒക്ടോബർ മാസം മുതൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് എതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയ തായി ആരോഗ്യ വകുപ്പ്.


9. സംസ്ഥാനത്ത് ഇതുവരെയായി 2500 പേരുടെ സ്രവം പരിശോധിച്ചതിൽ 335 കേസുകൾ സ്ഥിരീകരിച്ചു. ആഗസ്റ്റ് അവസാനം മുതൽ ഒക്ടോബർ വരെയായി 15 പേരാണ് മരണപ്പെട്ടത്. പനി ബാധിതരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറത്തിറക്കിയത്. എന്നാൽ ആരും പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ വകുപ്പ്.


10. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കൂടുതലായി എച്ച് വൺ എൻ വൺ റിപ്പോർട്ട് ചെയ്തത്. വൈറസ് സാന്നിധ്യം കൂടുതലായി കണ്ടെത്തിയ സാഹചര്യത്തിൽ മരുന്നിന്റെ ലഭ്യതയും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. വായുവിലൂടെയാണ് രോഗം പടരുന്നത്. പനി ബാധിച്ചയുടൻ ചികിത്സ തേടണം. മുൻകരുതൽ നടപടികളുടെ ഭാഗമായി അവബോധ പരിപാടികളും ആരോഗ്യവകുപ്പ് ഏറ്റെടുത്തിട്ടുണ്ട്.