ഗുഡ്ഗാവ്: കർവാചൗത്ത് ദിനത്തിൽ ഭാര്യയെ ഫ്ളാറ്റിലെ എട്ടാം നിലയിൽ നിന്ന് ഭർത്താവ് തള്ളിയിട്ടു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് വിക്രം ചൗഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫരീദാബാദിലെ അൻസൽ വാലി വ്യൂ സൊസൈറ്റിയിലാണ് സംഭവം നടന്നത്. . ബാങ്ക് ഉദ്യോഗസ്ഥയായ ദീപിക ചൗഹാ (32)നാണ് മരിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ദീപികയും വിക്രമും തമ്മിൽ വഴക്കുണ്ടായിരുന്നു. അതേ ഫ്ളാറ്റിലെ തന്നെ വിവാഹിതയായ മറ്റൊരു യുവതിയുമായി വിക്രമിനുണ്ടായ അടുപ്പത്തെ ചൊല്ലിയായിരുന്നു വഴക്ക്. യുവതി പലപ്പോഴും വിക്രമിന്റെ ഫ്ളാറ്റിൽ ചെല്ലുമായിരുന്നു. ഇതേച്ചൊല്ലി ദീപികയും വിക്രമും തമ്മിൽ പതിവായി വഴക്കിടാറുണ്ടായിരുന്നു. സംഭവദിവസം വഴക്കിട്ടതിനു പിന്നാലെ ഫ്ളാറ്റിന്റെ ബാൽക്കണിയിൽ നിന്ന് ദീപികയെ വിക്രം തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വിക്രമും ദീപികയും പ്രണയിച്ചു വിവാഹിതരായവരാണ്. ഇവർക്ക് നാലു വയസ്സുള്ള മകളും ആറുമാസം പ്രായമുള്ള മകനുമുണ്ട്. വിക്രമിനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.