malayinkeezhu-temple

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനത്തിലെ കോടതി വിധി എന്ത് വിലകൊടുത്തും നടപ്പാക്കുമെന്ന ദൃഡനിശ്‌ചയത്തിലാണ് പിണറായി സർക്കാർ. എന്നാൽ അതേ ഊർജവും താൽപര്യവും എന്തുകൊണ്ട് തലസ്ഥാനത്തെ പ്രശസ്‌തമായ ഒരു ക്ഷേത്രത്തിന്റെ കാര്യത്തിൽ കാണിക്കുന്നില്ല എന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുയാണ് ചില വിശ്വാസികൾ. തിരുവനന്തപുരത്തെ പ്രശസ്‌തമായ മലയിൻകീഴ് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലാണ് നാലമ്പലത്തിനകത്ത് സ്ത്രീകൾക്ക് പ്രവേശനമില്ലാത്തത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിനകത്ത് പുരുഷന്മാർക്ക് മാത്രമെ പ്രവേശനമുള്ളു എന്ന് പ്രത്യേകം എഴുതി വച്ചിട്ടുണ്ട്. സി.പി.എം നേതാവിന്റെ നേതൃത്വത്തിലുള്ള ഉപദേശകസമിതിയും ക്ഷേത്രത്തിൽ നിലവിലുണ്ട്. ഇതിൽ ഒമ്പതോളം പേർ സി.പി.എം അനുഭാവികളുമാണ്. എന്നിട്ടും സ്ത്രീകൾക്ക് ക്ഷേത്രത്തിനുള്ളിൽ അയിത്തമാണ്.

ശബരിമലയിലേതു പോലെ തന്നെ ജഢിബന്ധ പ്രതിഷ്ഠയാണ് മലയിൻകീഴിലേതും. സാധാരണ ക്ഷേത്രങ്ങളിൽ അഷ്‌ടബന്ധ പ്രതിഷ്ഠയാണ്. സമാധിയിലെ ജഡയിൽ ശില ചേർത്ത് ഉറപ്പിക്കുന്ന അപൂർവതയാണ് ജഢിബന്ധം. ഇത്തരം പ്രതിഷ്‌ഠയുള്ള ക്ഷേത്രങ്ങളിൽ സ്ത്രീ പ്രവേശനം പാടില്ലെന്നത് ആചാര്യ വിധിയെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടവർ പറയുന്നത്. സ്ത്രീകൾക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനമില്ലെങ്കിലും പുറത്തു നിന്നുതൊഴാം.

എന്നാൽ ശബരിമലയുടെ കാര്യത്തിൽ കടുത്ത നിലപാടെടുക്കുന്ന സർക്കാർ എന്തുകൊണ്ട് തലസ്ഥാന നഗരിയിലെ ഈ ക്ഷേത്രത്തിന് നേരെ കണ്ണടയ്‌ക്കുന്നു എന്നതാണ്‌ സ്ത്രീപ്രവേശനത്തെ എതിർക്കുന്നവരും ഉയർത്തുന്ന ചോദ്യം.