ചെങ്ങന്നൂർ: ഒരു ദിവസത്തെ പൂജയ്ക്കായി നവംബർ അഞ്ചിന് ശബരിമല നട തുറക്കുമ്പോൾ യുവതികളുടെ പ്രവേശന നീക്കം തടയാൻ സംഘപരിവാർ സംഘടനകൾ പ്രതിരോധം കടുപ്പിക്കുന്നു. അന്യസംസ്ഥാന ആർ.എസ്.എസ് കേഡർമാരെയും രംഗത്തിറക്കി പ്രതിരോധം ശക്തമാക്കാനാണ് നീക്കമെന്നാണ് സൂചന. നടപടി ഉണ്ടായാൽ അന്തർസംസ്ഥാന ബന്ധം വഷളാകുമെന്ന് പൊലീസ് സർക്കാരിന് റിപ്പോർട്ട് നൽകിയതായും അറിയുന്നു.
പൈങ്കുനി ഉത്രത്തോട് അനുബന്ധിച്ച് 5ന് വൈകിട്ടാണ് നട തുറക്കുന്നത്. ആറാം തീയതിയാണ് പൂജ. ആ സമയം യുവതികൾ മല ചവിട്ടാൻ എത്തിയാൽ പ്രതിരോധിക്കാൻ ആർ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകൾ പമ്പയിലും സന്നിധാനത്തും പ്രതിരോധ കോട്ടയൊരുക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇതിന് പുറമേ കേരളത്തിലെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും നൂറുകണക്കിന് വിശ്വാസികളെ പങ്കെടുപ്പിച്ച് 24 മണിക്കൂർ അഖണ്ഡനാമ ജപ യജ്ഞവും നടത്തും.
കേരളത്തിന് പുറത്തുനിന്ന് എത്തുന്ന ഭക്തർക്ക് നേരെ പൊലീസ് നടപടിയുണ്ടായാൽ അത് മറ്റ് സംസ്ഥാനങ്ങളുമായുള്ള ബന്ധം വഷളാക്കും. കേരളത്തിൽ നടക്കുന്ന പ്രക്ഷോഭം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നതിനും ഇത് കാരണമാകും. ഇതോടെ കേന്ദ്രസർക്കാരിന് പ്രശ്നത്തിൽ ഇടപെടാനുള്ള അവസരം സംജാതമാക്കുകയാണ് സംഘപരിവാർ സംഘടനകളുടെ ലക്ഷ്യമെന്നാണ് അറിയുന്നത്.
തുലാമാസ പൂജയ്ക്ക് ശബരിമലയിൽ എത്തിയ പ്രതിഷേധക്കാർക്ക് പുറമേ നിരവധി ഭക്തർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.സെൽഫിയെടുത്ത് ഫേസ് ബുക്കിൽ പോസ്റ്റിട്ട വാഗമൺ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പൊലീസ് നടപടിക്കെതിരെ യുവാവ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ശബരിമലയിലേക്ക് പോയി കാണാതായ പന്തളം സ്വദേശിയായ മദ്ധ്യവയസ്കനെ കണ്ടെത്താനാകാത്തതും പൊലീസിന് തലവേദനയായിട്ടുണ്ട്.
നവംബർ 1 മുതൽ 4 വരെയുള്ള ദിവസങ്ങളിൽ വീടുകൾ കേന്ദ്രീകരിച്ച് ശബരിമല വിഷയത്തിൽ സർക്കാരിന്റെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കാനുള്ള പ്രവർത്തനങ്ങളും സംഘപരിവാർ ആസൂത്രണം ചെയ്തിട്ടുണ്ട്. ലഘുലേഖകളുമായി ഗൃഹസമ്പർക്കവും അയ്യപ്പ ചിത്രങ്ങളുമായി ഭജന സംഘങ്ങളുമാണ് രംഗത്തെത്തുക. സർക്കാരിന്റെ അമിതാവേശവും മറ്റ് വിഷയങ്ങളിലെടുത്ത നിലപാടും വ്യക്തമാക്കി സർക്കാരിനെതിരെ ജനവികാരം രൂപീകരിക്കുകയുമാണ് ലക്ഷ്യം.
പന്തളം കൊട്ടാരവും വിശ്വാസികളെ പങ്കെടുപ്പിച്ച് പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ ശബരിമലയുമായി ബന്ധപ്പെട്ട് കിടക്കുന്ന നാല് ജില്ലകളിലൂടെ അയ്യപ്പജ്യോതി പ്രയാണം നടത്തും. സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന യാത്ര പന്തളത്ത് സമാപിക്കും. സന്യാസിമാരെയും സാമൂഹ്യ - സാംസ്കാരിക പ്രമുഖരെയും പങ്കെടുപ്പിച്ച് നടത്തുന്ന യാത്ര മഹായജ്ഞത്തോടെ അവസാനിപ്പിക്കാനാണ് നീക്കം. യജ്ഞത്തിൽ പങ്കാളികളാകാൻ ഇന്ത്യയ്ക്ക് അകത്തും പുറത്തുനിന്നുമുള്ള മുഴുവൻ ഗുരുസ്വാമിമാരെയും പങ്കെടുപ്പിക്കാനുള്ള നീക്കവും കൊട്ടാരം നടത്തുന്നുണ്ട്.